തലകീഴായി കിടന്നത് അരമണിക്കൂറോളം; ഒടുവില്‍ ആശ്വാസം, തൊട്ടില്‍പ്പാലത്ത്‌ തെങ്ങിൽ കുടുങ്ങിപോയ തെങ്ങുകയറ്റ തൊഴിലാളിക്ക്‌ രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന


തൊട്ടിൽപാലം: തെങ്ങിൽ കുടുങ്ങിപോയ തെങ്ങുകയറ്റ തൊഴിലാളിയെ നാദാപുരം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പൂക്കാട് ഇന്ന് ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് സംഭവം. ദിവീഷ് ഭവനിൽ ദിവീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടുപറമ്പിൽ കുളമുള്ള പറമ്പത്ത് മനോജൻ എന്ന ആൾ തെങ്ങ് കയറുന്നതിനിടെ പെട്ടെന്ന്‌ തെങ്ങുകയറ്റ മിഷന്റെ സേഫ്റ്റി ബെൽറ്റ് പൊട്ടുകയായിരുന്നു.

ഇതോടെ 15 മീറ്റർ ഉയരത്തിൽ വെച്ച് തെങ്ങില്‍ തലകീഴായി മനോജന്‍ തൂങ്ങി കിടന്നു. പെട്ടെന്ന് തന്നെ ഉടമസ്ഥന്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. ഏതാണ്ട് അരമണിക്കൂറോളം മനോജന്‍ തലകീഴായി കിടന്നിരുന്നു. വിവരം ലഭിച്ചതിനനുസരിച്ച് ഉടന്‍ തന്നെ നാദാപുരം അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.ഷമേജ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന സംഭവ സ്ഥലത്തെത്തി എക്സ്റ്റൻഷൻ ലാഡർ, റെസ്ക്യൂ നെറ്റ്,റോപ്പ് റെസ്ക്യൂ ടൂൾസ് എന്നിവ ഉപയോഗിച്ച് തെങ്ങിന്റെ മുകളിൽ കയറി മനോജനെ പരിക്കുകള്‍ ഒന്നുമില്ലാതെ സുരക്ഷിതമായി താഴെ ഇറക്കി. ശേഷം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സ്വപ്നേഷ് എൻ.കെ, പ്രബീഷ്കുമാർ കെ.കെ,സ്മിതേഷ് സി.കെ എന്നിവർ പങ്കെടുത്തു. പ്രദേശവാസികളും സേനയ്‌ക്കൊപ്പം സഹായത്തിനുണ്ടായിരുന്നു.

Description: Nadapuram Agni Raksha Sena rescued a coconut worker who was stuck in a coconut tree