വളയം കുറ്റിക്കാട് മഹല്ലിലെ നബിദിനാഘോഷം: ഡി.വൈ.എസ്.പി വിളിച്ച അനുരഞ്ജനയോഗം തീരുമാനമാകാതെ പിരിഞ്ഞു


നാദാപുരം: വളയം കുറ്റിക്കാട് മഹല്ല് കമ്മിറ്റിയിലെ വിശ്വാസികൾ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ നാദാപുരം ഡി.വൈ.എസ്.പി. എ.പി ചന്ദ്രൻ വിളിച്ചുചേർത്ത അനുരഞ്ജനയോഗം തീരുമാനമാകാതെ പിരിഞ്ഞു. ചർച്ചയിൽ ഇരുവിഭാഗവും ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ പരിപാടിക്ക് പോലീസ് അനുമതി നൽകില്ലെന്ന് ഡി.വൈ.എസ്.പി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ട്‌ നടന്ന മണിക്കൂറുകൾ നീണ്ട യോഗത്തില്‍ ഇരുവിഭാഗവും ഒത്തുതീര്‍പ്പിന് തയ്യാറാകാതെ പിരിയുകയായിരുന്നു. സി.ഐ വിളിച്ചു ചേർത്ത യോഗം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ നാദാപുരം ഡി.വൈ.എസ്.പി ഓഫീസിൽ കഴിഞ്ഞ ദിവസം അനുരഞ്ജനശ്രമം നടന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി മഹല്ല് കമ്മിറ്റിയിലെ എ.പി- ഇ.കെ. വിഭാഗങ്ങൾ തമ്മില്‍ തര്‍ക്കമാണ്. ഇതെ തുടര്‍ന്ന് പലപ്പോഴും മഹല്ലിലെ മുനവറിൽ ഇസ്‌ലാം മദ്രസ വിദ്യാർഥികളുടെ നബിദിനഘോഷയാത്ര അലങ്കോലമാകാറുണ്ട്‌. മാത്രമല്ല വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടുകയും പൊലീസ് ലാത്തി വീശുകയും ചെയ്തിട്ടുണ്ട്‌.

മുഴുവൻ വിശ്വാസികളെയും പങ്കെടുപ്പിച്ച് ജനറൽബോഡി നടത്താതെ ഒരുവിഭാഗം മഹല്ല് നേതൃത്വം കൈയാളുന്നതാണ് പ്രശ്നകാരണമെന്നാണ് ഇ.കെ വിഭാഗത്തിന്റെ ആരോപണം. എന്നാൽ, മഹല്ല് രൂപീകരിച്ച കാലം മുതൽ എ.പി വിഭാഗമാണ് കമ്മിറ്റിക്ക് നേതൃത്വം വഹിക്കുന്നതെന്നും സംഘർഷമുണ്ടാക്കി ഭരണം പിടിച്ചെടുക്കാനാണ് മറുവിഭാഗം ശ്രമിക്കുന്നതെന്നുമാണ് മഹല്ല് ഭാരവാഹികൾ പറയുന്നത്.

ഇതിനിടെ വളയം കുറ്റിക്കാട്ട് മഹല്ല് കൂട്ടായ്മയുടെയുടെ പേരില്‍ പ്രദേശത്ത് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ജനറല്‍ ബോഡി വിളിക്കാതെ വഖഫ് നിയമ പ്രകാരം രണ്ടര വര്‍ഷമായി അധികാരം നഷ്ടപ്പെട്ട മഹല്ല് ഭാരവാഹികളെ അംഗീകരിക്കില്ല എന്നാണ് പോസ്റ്ററില്‍ ഉള്ളത്‌. മാത്രമല്ല ”വളയം കുറ്റിക്കാട് ജുമാഅത്ത് പള്ളി വക സ്വത്തുകള്‍ കഴിഞ്ഞ 30 കൊല്ലത്തിലധികമായി കൈശം വെക്കുന്ന കാട്ടുകള്ളന്റെ പിറകില്‍….ഞങ്ങള്‍ മക്കള്‍ നടക്കില്ല. വളയം കുറ്റിക്കാട് മുനവിറല്‍ ഇസ്ലാം മദ്രസ നബിദിന റാലി വീണ്ടും അലങ്കോലപ്പെടുത്തരുത്. വിശ്വാസികള്‍ അംഗീകരിക്കാത്ത മഹല്ല് നേതൃത്വം മദ്രസ്സ നിബിദിന ആഘോഷത്തില്‍ പങ്കെടുത്താല്‍ യഥാര്‍ത്ഥ നബിദിന റാലി വിശ്വാസികള്‍ സംഘടിപ്പിക്കും” എന്നിങ്ങനെയാണ് പോസ്റ്ററില്‍ പറയുന്നത്.

രണ്ട് വര്‍ഷം മുമ്പ് ഡിവൈഎസ്പി വി.വി ലതീഷിന്റെ മധ്യസ്ഥതയില്‍ രണ്ട് വിഭാഗങ്ങളുടെയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ മഹല്ല് വിഷയത്തില്‍ വഖഫ് ബോര്‍ഡ് തീരുമാനം വരുന്നത് വരെ മദ്രസ വിദ്യാര്‍ത്ഥികളും അധ്യാപകരെയും മാത്രം പങ്കെടുപ്പിച്ച് നബിദിനാഘോഷം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു.

വളയം സി.ഐ ഫായിസ് അലി, മഹല്ല് കമ്മിറ്റിയെ പ്രതിനിധീകരിച്ച് മഞ്ഞപ്പള്ളി അമ്മത്, കുനിയിൽ സൂപ്പി, കടയങ്കോട്ട് മൊയ്തീൻ, മഹല്ല് കൂട്ടായ്മ പ്രതിനിധികളായ അയ്യോത്ത് അസീസ്, ഉഴിഞ്ഞക്കര ഫിർദൗസ്, എടുത്തറോൽ അബ്ദുള്ള എന്നിവർ പങ്കെടുത്തു.

Description: Nabi Day celebration at valayam Kuttikkad Mahal: Reconciliation meeting broke up without a decision