‘നാരങ്ങ മുട്ടായി’;കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി നാടകക്കളരിയുമായി ചെറുവണ്ണൂര്‍ സബര്‍മ്മതി


ചെറുവണ്ണൂര്‍: വളര്‍ന്നു വരുന്ന തലമുറകളെ നല്ല വ്യക്തിത്വമുള്ളവരായി വാര്‍ത്തെടുക്കാന്‍ ‘നാരങ്ങ മുട്ടായി’ എന്ന നാടകക്കളരിയുമായി ചെറുവണ്ണൂര്‍ സബര്‍മ്മതി. ഏഴ് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഈ വരുന്ന റിപ്പബ്ലിക്ക് ദിനമായ ജനുവരി 26ന് നടക്കുന്ന നാടകക്കളരിയില്‍ യുവ സിനിമാ, നാടക പ്രവര്‍ത്തകരായ അശ്വിന്‍ ആര്‍.എം, റജിനാസ് മാങ്കാവ് എന്നിവര്‍ കുട്ടികള്‍ക്കായി ക്ലാസ് അവതരിപ്പിക്കും.

നാടകത്തിലൂടെ കുട്ടികളുടെ വ്യക്തിത്വ വികസനം രൂപപ്പെടുത്തുകയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. കുട്ടികളില്‍ ശ്രദ്ധകൂട്ടുന്നതിനും സഭാകമ്പം ഒഴിവാക്കുന്നതിനും മറ്റുമായുള്ള ക്ലാസുകള്‍ നല്‍കി അവരെ പാകപ്പെടുത്തിയ ശേഷം നാടകത്തിന്റെയും അഭിനയത്തിന്റെയും രംഗത്തേക്ക് എത്തിക്കുകയാണ് ‘നാരങ്ങ മുട്ടായി’ എന്ന പേരില്‍ നടത്തപ്പെടുന്ന നാടകകക്കളരിയുടെ ലക്ഷ്യം.

ആദ്യഘട്ടമെന്ന നിലയില്‍ ക്രിസ്മസ് അവധിക്കാലത്ത് ഒരു ക്യാമ്പ് നടത്തുകയും വിദ്യാര്‍ത്ഥികളില്‍ നിന്ന് മികച്ച പിന്തുണ കിട്ടിയതോടെ തുടര്‍ന്നും നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഭാരവാഹികള്‍ പറഞ്ഞു. സിനിമാ നാടക രംഗത്തെ പ്രഗല്‍ഭരായ വ്യക്തികള്‍ കുട്ടികള്‍ക്കായി ക്ലാസ് നടത്തും. വരും മാസങ്ങളിലും ഇങ്ങനെ ക്ലാസുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. തുടര്‍ന്ന് ഇവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി നാടക സംഘങ്ങള്‍ ഉണ്ടാക്കുകയും സ്വന്തമായി നാടകം അവതരിപ്പിക്കാനും പദ്ധതിയിടുന്നതായും പറഞ്ഞു.

26ന് നടക്കുന്ന നാടകക്കളരിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് റജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 7909225522 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.