എൻ. രാജേഷ് സ്മാരക പുരസ്കാരം ഡബ്ല്യു.സി.സിക്ക്; വലിയൊരു സംവിധാനത്തിനെ പരസ്യമായി വിമർശിച്ച ഒരു സ്ത്രീകൂട്ടായ്മക്ക് ലഭിക്കുന്ന ആദ്യ അംഗീകാരമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ


കോഴിക്കോട്: രണമോ അധികാരമോ ഇല്ലാതെ വലിയൊരു സംവിധാനത്തിനെതിരെ ഡബ്ല്യു.സി.സി പോരാടി. സംവിധാനത്തെ പരസ്യമായി വിമർശിച്ച ഒരു സ്ത്രീകൂട്ടായ്മക്ക് ലഭിക്കുന്ന ആദ്യ അംഗീകാരമാണ് മാധ്യമം ജേർണലിസ്റ്റ് യൂണിയൻറെ എൻ. രാജേഷ് സ്മാരക പുരസ്കാരമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കോഴിക്കോട്ട് നടന്ന ചടങ്ങിൽ എൻ. രാജേഷ് സ്മാരക പുരസ്കാരം ഡബ്ല്യു.സി.സിക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡബ്ല്യു.സി.സിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായ തിരക്കഥാകൃത്ത് ദീദി ദാമോരൻ മറുപടി പ്രസംഗം നടത്തി. കേവലം ഒരു വ്യക്തിക്കല്ല, സംഘടനയുടെ കൂട്ടായ നിലപാടിനാണ് പുരസ്കാരം നൽകുന്നതെന്ന് വ്യക്തമാക്കിയതിനാലാണ് ഡബ്ല്യു.സി.സി പുരസ്കാരം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ദീദി ദാമോരൻ പറഞ്ഞു. കോഴിക്കോട് ശ്രീ ചൈതന്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ‘ദ ജേർണലിസ്റ്റ്’ ജേർണൽ പ്രകാശനവും വി.ഡി. സതീശൻ നിർവഹിച്ചു.

സാംസ്കാരിക പ്രവർത്തകൻ കെ.ഇ.എൻ ഏറ്റുവാങ്ങി. ടി. നിഷാദ് (പ്രസാധകൻ, എം.ജെ.യു ജേർണൽ) ജേർണൽ പരിചയപ്പെടുത്തി. മാധ്യമ പ്രവർത്തക സോഫിയ ബിന്ദ് രാജേഷ് അനുസ്മരണ പ്രഭാഷണവും ന്യൂസ് മിനിട്ട്സ് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ മുഖ്യപ്രഭാഷണവും നടത്തി. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മാധ്യമ സംരംഭകൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്, കെ.യു.ഡബ്ല്യു.ജെ നിയുക്ത പ്രസിഡന്റ് കെ.പി. റെജി, അബ്ദുൽ ഹമീദ് (മാധ്യമം എംപ്ലോയീസ് യൂനിയൻ) എന്നിവർ സംസാരിച്ചു. മാധ്യമം ജേർണലിസ്റ്റ് യൂണിയൻ (എം.ജെ.യു) പ്രസിഡന്റ് എം. ഫിറോസ് ഖാൻ അധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി സുൽഹഫ് സ്വാഗതവും ട്രഷറർ എ. ബിജുനാഥ് നന്ദിയും പറഞ്ഞു.