പേരാമ്പ്രയിലെ തീപ്പിടുത്തത്തില്‍ ദുരൂഹത, കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം തുടങ്ങി


പേരാമ്പ്ര: പേരാമ്പ്ര ടൗണിലെ ബാദുഷ മെറ്റല്‍സിനും മാലിന്യകേന്ദ്രത്തിലും ഉണ്ടായ തീപ്പിടുത്തത്തില്‍ അന്വേഷണം തുടങ്ങി. കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് ആദ്യഘട്ട പരിശോധന നടത്തുന്നത്. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫോറന്‍സിക് വിഭാഗവും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്.

മാലിന്യ സംഭരണകേന്ദ്രത്തിലെയും ബാദുഷയിലെയും തീപ്പിടുത്തം ഒരു കേസായാണ് അന്വേഷിക്കുന്നത്. തീപ്പിടുത്തത്തിന്റെ പ്രഭവ കേന്ദ്രമെന്നതിനെ പറ്റിയും ആരെങ്കിലും തീയിട്ടതാണോ എന്നതുമാണ് പോലീസ് അന്വേഷിക്കുന്നത്.

തീപ്പിടിത്തത്തല്‍ ദുരൂഹതയുണ്ടെന്നും എംഎസിഎഫില്‍ തീപടര്‍ന്ന് പിടിക്കാന്‍ സാധ്യതയില്ലെന്നും കാട്ടി പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

ചൊവ്വാഴ്ച രാത്രി പതിനൊന്നര മണിയോട് കൂടിയാണ് പേരാമ്പ്രയില്‍ തീപ്പിടുത്തമുണ്ടാവുന്നത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര, നാദാപുരം, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ 13 യൂണിറ്റ് മണിക്കൂറുകള്‍ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപ്പിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.