വശങ്ങളിലും വാതിലിലും തൂങ്ങി യാത്ര, മുകളിലും മുന്‍വശത്തെ ചില്ലിലുമെല്ലാം ആളുകള്‍; താമരശ്ശേരിയില്‍ ടൂറിസ്റ്റ് ബസ്സിനെ വൈറലാക്കാനായി അപകടകരമായ വീഡിയോ ഷൂട്ട്, നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്


താമരശ്ശേരി: ടൂറിസ്റ്റ് ബസ്സിന്റെ പ്രൊമോഷന് വേണ്ടി അപകടകരമായി ചിത്രീകരിച്ച വീഡിയോ പുറത്ത് വന്നതോടെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. താമരശ്ശേരിയിലാണ് സംഭവം. പ്രൊമോഷന്‍ വീഡിയോ വൈറലാക്കുന്നതിനായി ഓടുന്ന ബസ്സിന്റെ വശങ്ങളിലും വാതിലിലും തൂങ്ങിയും മുന്‍വശത്തെ ചില്ലിലും മുകളിലും ഇരുന്നും യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്.

യുവാക്കളും കൗമാരക്കാരുമാണ് ടൂറിസ്റ്റ് ബസ്സില്‍ അപകടകരമായി യാത്ര ചെയ്ത് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ വലിയ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ പരിശോധന നടത്തിയ എ.എം.വി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എ.എം.വി.ഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടൂറിസ്റ്റ് ബസ്സിന്റെ ഫിറ്റ്നസ് റദ്ദാക്കിയതായി കൊടുവള്ളി എം.വി.ഐ സി.കെ.അജില്‍കുമാര്‍ അറിയിച്ചു. അപകടകരമായി വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാനുള്ള ശുപാര്‍ശയും നല്‍കി.

കൂടാതെ വാഹനത്തില്‍ നിയമപ്രകാരമുള്ള കളര്‍കോഡ് ലംഘിച്ച് പതിച്ച ഗ്രാഫിക്സുകള്‍ നീക്കം ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പരിശോധനയില്‍ ബസ്സിന്റെ വേഗപ്പൂട്ട് തകരാറിലാണെന്നും കണ്ടെത്തി. പതിനൊന്നോളം പേരാണ് അപകടകരമായി വീഡിയോ ചിത്രീകരിച്ച വീഡിയോയില്‍ ബസ്സിലുണ്ടായിരുന്നത്.