പയ്യന്നൂരിലും ഖത്തറിലും മുത്തപ്പന് ഒരേ ശക്തി; മുത്തപ്പന്‍ വെള്ളാട്ടവും അന്നദാനവും നടത്തി അര്‍ജന്റീനന്‍ ആരാധകര്‍


പയ്യന്നൂര്‍: മൂന്നര പതിറ്റാണ്ടിന് ശേഷം അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടതില്‍ മുത്തപ്പന്റെ കയ്യുമുണ്ടെന്നാണ് പയ്യന്നൂരിലെ ആരാധകര്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അര്‍ജന്റീന കപ്പടിച്ചാല്‍ മുത്തപ്പന്‍ വെള്ളാട്ടും അന്നദാനവും നടത്തുമെന്ന നേര്‍ച്ച ആ ആരാധകര്‍ പാലിച്ചു.

കുഞ്ഞിമംഗലം കുതിരുമ്മലിലെ അര്‍ജന്റീന ഫാന്‍സാണ് മുത്തപ്പന്‍ വെള്ളാട്ടവും അന്നദാനവും നടത്തിയത്. കുതിരുമ്മലിലെ പി വി ഷിബുവും സുഹൃത്തുക്കളുമാണ് ഈ വേറിട്ട വിജയാഘോഷത്തിന് പിന്നില്‍.

ഈ ആഘോഷത്തെക്കുറിച്ച് ഷിബു പറയുന്നത് ഇങ്ങനെ. കുട്ടിക്കാലം മുതല്‍ അര്‍ജന്റീനയുടെ കടുത്ത ആരാധകരായിരുന്നു ഷിബുവും കൂട്ടുകാരും. കുഞ്ഞിമഗംലം ഉള്‍പ്പെടെയുള്ള ഈ പ്രദേശവും അര്‍ജന്റീന ആരാധകരുടെ ശക്തികേന്ദ്രങ്ങളാണ്. പയ്യന്നൂര്‍ ഭാഗത്തെ മെസ്സിയുടെ ഏറ്റവും വലിയ കട്ടൌട്ട് കുതിരുമ്മലില്‍ ആയിരുന്നു സ്ഥാപിച്ചതെന്നും ഷിബു പറയുന്നു.

‘ഏകദേശം 55 അടിയോളം ഉയരമുള്ള കട്ടൌട്ടായിരുന്നു അത്. വയലില്‍ ആയിരുന്നു അത് ഉയര്‍ത്തിയത്. കട്ടൌട്ട് ഉയര്‍ത്താന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. അപ്പോഴാണ് ഞാന്‍ മുത്തപ്പനെ വിളിക്കുന്നത്..’ കടുത്ത മുത്തപ്പന്‍ വിശ്വാസിയായ ഷിബു പറയുന്നു. എന്ത് പ്രയാസം നേരിട്ടാലും ആദ്യം വിളിക്കുന്നത് മുത്തപ്പനെയാണെന്ന് ഷിബു പറയും. അങ്ങനെ കട്ടൌട്ട് ഉയര്‍ത്തുമ്പോഴും പ്രാര്‍ത്ഥിച്ചിരുന്നു. മെസി കപ്പടിച്ചാല്‍ ഇവിടെ വച്ച് വെള്ളാട്ടം കെട്ടിയാടിക്കാമെന്നും ചുരുങ്ങിയത് 2000 പേര്‍ക്കെങ്കിലും ഭക്ഷണം നല്‍കാമെന്നുമായിരുന്നു നേര്‍ച്ച. സുഹൃത്തുക്കളോടും ഷിബു ഇക്കാര്യം പറഞ്ഞിരുന്നു. അവരും സമ്മതിച്ചു.

കുഞ്ഞിമഗംലത്തെ സജീവന്‍ പെരുവണ്ണാനായിരുന്നു കോലധാരി. അര്‍ജന്റീനയുടെ ആരാധകര്‍ക്ക് പുറമെ നിരവധി ഭക്തരാണ് മുത്തപ്പനെ തൊഴാനും അനുഗ്രഹം നേടാനും എത്തിയത്. അര്‍ജ്ജന്റീനയുടെ ആരാധകരുടെ ആഗ്രഹം പോലെ സ്‌കൂള്‍ കുട്ടികളും വയോധികരുമൊക്കെ ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ അന്നദാനത്തിലും ഭാഗമായി.

(വീഡിയോ കാണാം)