ആവശ്യമുള്ള മുട്ടകൾ തദ്ദേശീയമായി ഉത്പ്പാദിപ്പിക്കും ഒപ്പം സ്ത്രീ ശാക്തീകരണവും; ചങ്ങരോത്ത് പഞ്ചായത്തിൽ മുട്ട​ഗ്രാമം പദ്ധതിക്ക് തുടക്കമായി


ചങ്ങരോത്ത്: മുട്ട​ഗ്രാമം പദ്ധതിക്ക് ചങ്ങരോത്ത് പഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്തിലെ സ്ത്രീ ശാക്തീകരണവും, മുട്ടയുൽ​പാദന വർധനയും ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2022-23 വർ‍ഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡൻറ് ഉണ്ണി വേങ്ങേരി നിർവഹിച്ചു.

മുട്ട​ഗ്രാമം പദ്ധതിയുടെ ഭാ​ഗമായി അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തില്‍ 5000 കോഴികളെ വിതരണം ചെയ്യുന്നത്. ഒരു കുടുംബത്തിന് അഞ്ച് കോഴി എന്ന രീതിയില്‍ തെരഞ്ഞെടുത്ത 1000 കുടുംബങ്ങള്‍ക്കാണ് കോഴിയെ നൽകുന്നത് . ആദ്യ ഘട്ടത്തിൽ പത്ത് വാർഡുകളിലാണ് കോഴികളെ വിതരണം ചെയ്തത്. ശേഷിക്കുന്ന വാർഡുകളിൽ ഡിസംബർ 17 ന് വിതരണം ചെയ്യും.

ചടങ്ങിൽ പഞ്ചായത്ത് വെെസ് പ്രസിഡന്റ് ടി.പി റീന അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം അരവിന്ദാക്ഷൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എം അഭിജിത്ത്, എം.കെ ഫാത്തിമ, എൻ.പി ജാനു, കെ.എം ഇസ്മയിൽ, കെ.ആർ ആതിര, എൻ.പി സത്യാവതി, കെ.വി അശോകൻ, സൽമാൻ മാസ്റ്റർ, ഇ.ടി സരീഷ്, വെറ്റിനറി ഡോക്ടർ അശ്വതി തുടങ്ങിയവർ സംസാരിച്ചു.

Summary: muttagramam project started in chagaroth panchyath