പദ്ധതി ടെണ്ടർ ആയിട്ട് രണ്ട് വർഷം, മരം മുറിച്ചു മാറ്റാത്തതിനാൽ പ്രവൃത്തി അനിശ്വിതത്വത്തിൽ; പേരാമ്പ്ര ​​ഗവ. ഐ.ടി.ഐ വിഷയം നിയമസഭയിൽ ഉന്നയിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ, തുടർ നടപടി ഉടനെന്ന് മന്ത്രിയുടെ ഉറപ്പ്


പേരാമ്പ്ര: മുതുകാട് ഗവ. ഐ.ടി.ഐക്കായി അനുവദിച്ച സ്ഥലത്തെ മരം മുറിച്ചു മാറ്റാത്തിതിനാൽ പ്രവൃത്തി ആരംഭിക്കാൻ കഴിയുന്നില്ലെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും പേരാമ്പ്ര എംഎൽഎ ടി.പി. രാമകൃഷ്ണൻ.

മുതുകാട് ഗവ. ഐ.ടി.ഐയ്ക്ക് വേണ്ടി റവന്യൂ വകുപ്പ് നാലേക്കർ സ്ഥലം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഐടിഐയുടെ പ്രവൃത്തി ടെണ്ടർ ചെയ്ത് എഗ്രിമെന്റ് വെച്ചിട്ടും ഭൂമിയിലെ മരം മുറിച്ചു മാറ്റാത്തതിനാൽ പ്രവൃത്തി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ നിയമസഭയിൽ അറിയിച്ചു.

അനുവദിച്ച് കിട്ടിയ ഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റാൻ നിശ്ചയിച്ച അടിസ്ഥാന വില വളരെ ഉയർന്നതായതിനാൽ ലേലത്തിൽ പങ്കെടുക്കാൻ ആരും തയ്യാറാവാത്ത സ്ഥിതിയാണുള്ളത്. പ്രസ്തുത സ്ഥലത്തുള്ള റബ്ബർ മരങ്ങൾക്ക് വില നിശ്ചയിച്ചിട്ടുമില്ല. കാരാർ ഏറ്റെടുത്ത കോൺട്രാക്ടർ പ്രവൃത്തിയിൽ നിന്നും പിൻമാറുകയാണെന്ന് കാണിച്ച് കത്തു നൽകിയിരിക്കുന്നു. മൂന്ന് പ്രാവശ്യം ടെന്റർ ചെയ്തെങ്കിലും ആരും ഏറ്റെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ റവന്യൂ വകുപ്പിന് ഐ ടി ഐ അധികൃതർ കത്ത് നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

മരം മുറിച്ചു മാറ്റാൻ കരാറുകാരെ കിട്ടാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. മരം മുറിച്ചു മാറ്റാൻ വില്ലേജ് ഓഫീസറെയോ പഞ്ചായത്ത് സെക്രട്ടറിയെയോ ചുമതലപ്പെടുത്തി നിർദ്ദേശം നൽകണം. നിലവിൽ ഐ ടി ഐ യ്ക്കായി കൈമാറിക്കിട്ടിയ ഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റി അടിയന്തിരമായി കെട്ടിടം പണിയാനാവശ്യമായ നടപടികൾ സ്വീകരണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് പേരാമ്പ്ര ടി.പി രാമകൃഷ്ണൻ പറഞ്ഞു. പദ്ധതി ടെണ്ടർ ആയിട്ട് രണ്ട് വർഷത്തോളമായെന്നും എനിട്ടും വർക്ക് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഗൗരവമേറിയ പ്രശ്നമാണെന്നും റവന്യൂ വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്നം ഗുരുതരമാണെന്നും മരം ഉടൻ തന്നെ മുറിച്ചു മാറ്റി പ്രവൃത്തി ആരംഭിക്കേണ്ടെ തിനാൽ ബന്ധപ്പെട്ട വനം, തൊഴിൽ വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്ത് ഉടൻ തന്നെ തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് റവന്യൂ മന്ത്രി മറുപടി നൽകി.