റേഷൻ മസ്റ്ററിംങ് പൂർത്തിയാക്കാത്തവർ ആശങ്കപ്പെടേണ്ട; മസ്റ്ററിംഗ് സമയ പരിധി നീട്ടി
തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി നീട്ടി. ഒക്ടോബർ 25 വരെയാണ് സമയം നീട്ടി നൽകിയത്. ഇന്നലെയായിരുന്നു മസ്റ്ററിംഗ് ചെയ്യേണ്ട അവസാന ദിവസം. എന്നാൽ ധാരാളം ആളുകൾ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാലാണ് സർക്കാർ സമയപരിധി ദീർഘിപ്പിച്ചത്.
മുൻഗണാകാർഡിലെ 20 ശതമാനത്തോളം അംഗങ്ങൾക്ക് വിവിധ കാരണങ്ങളാൽ മസ്റ്ററിംഗിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. മുൻഗണനാകാർഡിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും മസ്റ്ററിംഗിൽ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തൊഴിൽ ആവശ്യാർത്ഥം വിദേശത്ത് താമസിക്കുന്നവർക്ക് NRK Status (നോൺ റസിഡന്റ് കേരള) നൽകി കാർഡിൽ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്. അവർക്ക് അടിയന്തിരമായി മസ്റ്ററിംഗ് ചെയ്യാനായി സംസ്ഥാനത്ത് എത്തേണ്ടതില്ല.
മുൻഗണനാപട്ടികയിലുള്ള മുഴുവൻ അംഗങ്ങളുടെയും മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് നൽകുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 19,84,134 AAY(മഞ്ഞ) കാർഡ് അംഗങ്ങളിൽ 16,09,794 പേരും (81.13%) 1,33,92,566 PHH (പിങ്ക്) കാർഡ് അംഗങ്ങളിൽ 1,06,59,651 പേരും (79.59%) മസ്റ്ററിംഗ് പൂർത്തിയാക്കി.