മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ്; റേഷൻ കടകൾ ഇന്ന് (ഞായർ) പ്രവർത്തിക്കും
കോഴിക്കോട്: ഇ- കെ.വൈ.സി അപ്‌ഡേഷന്‍ നടത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും ഇന്ന് (ഞായർ) തുറന്ന് പ്രവർത്തിക്കും. എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുള്ള ഗുണഭോക്താക്കള്‍ റേഷന്‍കട പരിസരത്ത് ഒരുക്കിയിട്ടുള്ള ബൂത്തുകളില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം നേരിട്ടെത്തി ഒക്ടോബര്‍ എട്ടിനകം ഇ പോസ് മുഖാന്തിരം ഇ- കെവൈസി അപ്‌ഡേഷന്‍ നടത്തണം.
ഒക്ടോബർ എട്ട് വരെയാണ് ജില്ലയില്‍ മുൻഗണന വിഭാഗങ്ങളായ മഞ്ഞ, പിങ്ക്, കാർഡുടമകള്‍ക്ക് കെ.വൈ.സി (മസ്റ്ററിംഗ്)ക്കായി അനുവദിച്ചിട്ടുള്ള സമരം. എന്നാല്‍ മൂന്ന് മുതല്‍ ആരംഭിച്ച മസ്റ്ററിംഗ് ജില്ലയില്‍ 66 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഇനിയും നിരവധി പേർ മസ്റ്ററിംഗ് ചെയ്യാനുണ്ട്. പലയിടങ്ങളിലും ആളുകള്‍ എത്താത്തതും ചിലയിടങ്ങളില്‍ ഇ പോസ് മെഷീൻ പണിമുടക്കുന്നതുമാണ് മസ്റ്ററിംഗ് ഇഴയാൻ ഇടയാക്കുന്നത്.
സമയ പരിധി കഴിയുന്നതോടെ ഇതുമൂലം നിരവധി പേർ റേഷൻ കാർഡുകളില്‍ നിന്ന് നീക്കം ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ്. റേഷൻ കാർഡിന്റെ മസ്റ്ററിംഗ് തിയതി ഒരാഴ്ച കൂടി നീട്ടി വെക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം. മസ്റ്ററിംഗ് കൃത്യമായി നടത്തിയില്ലെങ്കില്‍ റേഷൻ വിഹിതം ലഭിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാല്‍ സമയബന്ധിതമായി മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ലെങ്കില്‍ അടുത്തമാസം മുതലുള്ള റേഷൻ വിഹിതത്തില്‍ കുറവ് വരും. അതിനാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ബോധവത്ക്കരണം ആവശ്യമാണെന്നാണ് റേഷൻ വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത് 356493 റേഷൻ കാർഡുകളിലായി 1371060 ഗുണഭോക്താക്കളാണ്. അന്ത്യോദയ അന്നയോജന (എ.എ.വൈ മഞ്ഞ) കാർഡുകളില്‍ 126410 ഗുണഭോക്താക്കളും പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് (പി.എച്ച്.എച്ച് പിങ്ക്) കാർഡുകളിലായി 1244650 പേരുമുണ്ട്. നീല, വെള്ള കാർഡുകാർക്കുള്ള മസ്റ്ററിംഗ് പിന്നീട് നടക്കും.
Summary:
Mustering of yellow and pink ration card members; Ration shops will function today (Sunday).