പേരാമ്പ്ര താലൂക്ക് ആശുപത്രിയോടുള്ള സര്‍ക്കാറിന്റെ അവഗണനയ്‌ക്കെതിരെ യൂത്ത് ലീഗിന്റെ പ്രതിഷേധ മാര്‍ച്ച്


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയോടുള്ള സര്‍ക്കാറിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി.മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു.

പ്രാഥമികാരോഗ്യ കേന്ദ്രം എന്ന നിലയില്‍ നിന്ന് പതിനാല് വര്‍ഷം മുമ്പാണ് ഈ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ പതിനാല് വര്‍ഷത്തിനിപ്പുറവും ഇവിടെ നിന്ന് ലഭിക്കന്നില്ലെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

താലൂക്ക് ആശുപത്രിയിലെ പാറ്റേണ്‍ അനുസരിച്ച് ജീവനക്കാരെ നിയമിക്കാനോ ഇ.സി.ജി, എക്‌സ് റേ, ഫാര്‍മസി സൗകര്യങ്ങള്‍ ഒരുക്കാനോ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ദിവസവും ഉറപ്പ് വരുത്താനോ അധികൃതര്‍ തയ്യാറായിട്ടില്ല. വൈകീട്ട് അഞ്ച് മണിക്ക് ശേഷം ഫാര്‍മസി, എക്‌സ് റേ, ലാബ് സൗകര്യങ്ങള്‍ ഇവിടെ ലഭിക്കില്ല. ഇത് കാരണം പാവപ്പെട്ട രോഗികള്‍ ദുരിതത്തിലാണ്. നിരവധി രോഗികളെത്താന്‍ സാധ്യതയുള്ള ഓര്‍ത്തോ, ഗൈനക്കോളജി, ശിശുരോഗ വിഭാഗങ്ങള്‍ ഇവിടെ ഇല്ലെന്നും യൂത്ത് ലീഗ് ആരോപിക്കുന്നു.

ഇതെല്ലാം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ തുടര്‍പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പുതുക്കുടി അബ്ദു റഹ്മാന്‍, ജനറല്‍ സെക്രട്ടറി കെ.പി.റസാഖ്, കക്കിനക്കണ്ടി മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.