അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ കൊലപാതകം: പ്രതി താഹിറ റിമാന്റിൽ


 

കൊയിലാണ്ടി: അരിക്കുളത്ത് പന്ത്രണ്ടുകാരനെ ഐസ്ക്രീമിൽ വിഷം ചേർത്ത് കൊന്ന കേസിലെ പ്രതി താഹിറയെ കോടതി റിമാന്റ് ചെയ്തു. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് താഹിറയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രിയാണ് താഹിറയെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച പ്രതിയെ അരിക്കുളത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഫസന്‍ റിഫായിയ്ക്ക് ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദി അനുഭവപ്പെട്ടത്. തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അഹമ്മദ് മരിക്കുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലുകള്‍ക്കുമൊടുവിലാണ് കുട്ടിയുടെ ബാപ്പയുടെ സഹോദരി കൂടിയായ പ്രതി താഹിറയെ അറസ്റ്റ് ചെയ്തത്.

മരിച്ച കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ടാണ് ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കിയത് എന്ന് താഹിറ പൊലീസിനോട് സമ്മതിച്ചു. മുന്‍വൈരാഗ്യമാണ് കൃത്യം ചെയ്യാനുള്ള കാരണം. ഇവര്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നും പൊലീസ് പറയുന്നു.

കോഴിക്കോട് റുറല്‍ ജില്ലാ പോലീസ് മേധാവി ആര്‍ കറപ്പസാമിയുടെ നേതൃത്വത്തില്‍ ഡ.വൈ.എസ്.പി. ആര്‍.ഹരിപ്രസാദ്, സി.ഐ. കെ.സി.സുബാഷ് ബാബു, എസ്.ഐ അനീഷ് വടക്കേടത്ത്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശോഭ, രാഖി, എസ്.സി.പി.ഒ, ബിനീഷ്, തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.