വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലേരിയില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറ്റം,കെട്ടിപ്പടുത്തത് പഞ്ചനക്ഷത്ര ബിസിനസ് സാമ്രാജ്യം; വ്യവസായ പ്രമുഖന്‍ ബോംബെ ബാലന്‍ അന്തരിച്ചു
പേരാമ്പ്ര : മുംബൈയിലെ മലയാളി വ്യവസായ പ്രമുഖനും പേരാമ്പ്ര സ്വദേശിയുമായ എ.വി. ബാലന്‍ (85) മുംബൈയിലെ ചെമ്പൂര് അന്തരിച്ചു. ബോംബെ ബാലന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം നക്ഷത്ര ഹോട്ടലുകളായ ഹോട്ടല്‍ റോയലിന്റെയും ഇംപീരിയലിന്റെയും ഉടമയാണ്.
പേരാമ്പ്രക്കടുത്ത് പാലേരിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബാലന്‍ മുംബൈയിലേക്ക് കുടിയേറിയത്. നിശ്ചയദാര്‍ഢ്യംകൊണ്ട് മഹാനഗരത്തില്‍ സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം തന്നെ അദ്ദേഹം കെട്ടിയുയര്‍ത്തി. ആദ്യകാലങ്ങളില്‍ ജീവിതമാര്‍ഗം തേടി മുംബൈയിലെത്തിയ മലയാളികള്‍ക്ക് പ്രത്യേകിച്ച് കോഴിക്കോട്ടുകാര്‍ക്ക് താങ്ങായി ബോംബെ ബാലനുണ്ടായിരുന്നു.
പല പ്രമുഖ പ്രവാസി വ്യവസായികളെയും കൈപിടിച്ചുയര്‍ത്തിയ അദ്ദേഹം മുംബൈയിലും വിദേശങ്ങളിലും കൊണ്ടുപോയി തന്റെ ജന്മനാടായ പേരാമ്പ്രയിലെ നിരവധി പേരെ ഉന്നതികളിലെത്തിച്ചിട്ടുണ്ട്.ചികിത്സ ആവശ്യങ്ങള്‍ക്കായി മുംബൈയിലെത്തിയിരുന്നവര്‍ക്ക് ടാറ്റ ആശുപത്രിയില്‍ ചികിത്സയും മറ്റ് സൗകര്യങ്ങളും ബാലന്‍ ഒരുക്കികൊടുത്തു.
കലാ സാംസ്‌ക്കാരിക മേഖലയിലുള്ളവരുമായും അദ്ദേഹം നല്ല രീതിയില്‍ അടുപ്പം കാത്തുസൂക്ഷിച്ചു. മലയാള ഹിന്ദി സിനിമ മേഖയിലെ പ്രമുഖരുമായും ക്രിക്കറ്റ് ലോകവുമായും നല്ല സൗഹൃദം ഉണ്ടായിരുന്ന ബാലന്‍ മലയാള സിനിമയിലെ എം.ടി, മോഹന്‍ലാല്‍, തിലകന്‍, സെവന്‍ ആര്‍ട്സ് വിജയകുമാര്‍ എന്നിവരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചു. ബോംബെ ബാലനെ കുറിച്ച് മോഹന്‍ലാല്‍ മലയാള മനോരമ ദിനപത്രത്തില്‍ എഴുതുകയും ചെയ്തിട്ടുണ്ട്.
പാലേരി തോട്ടത്താംകണ്ടിയില്‍ പരേതരായ അറക്കിലാട്ട് വയലില്‍ കണ്ണന്റെയും മാണിയുടെയും മകനാണ് ബാലന്‍ . പേരാമ്പ്ര കൈതക്കലില്‍ കണ്ണന്‍ വില്ലയിലായിന്നു താമസം. സംസ്‌ക്കാരം മുംബൈയില്‍ നടന്നു. ഭാര്യ: ജാനകി. മക്കള്‍: സതീഷ്,രതീഷ്,സവിത മരുമക്കള്‍: സീമ, രൂപാളി,മഹേന്ദ്രന്‍ . സഹോദരന്‍ എ.വി. കുഞ്ഞിരാമന്‍.