മൾട്ടി പർപ്പസ് ഹാളുകൾ, വർക്ക് ഏരിയ, ക്ലാസ് മുറി; തിരുവള്ളർ ഗവ. എം യു.പി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി
വടകര: തിരുവള്ളൂർ ഗവൺമെൻറ് എം യു പി സ്കൂളിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനത്തിന് തയ്യാറാവുന്നു. ഗ്രൗണ്ട് ഫ്ലോറിൽ ക്ലാസ് മുറിയും, വർക്ക് ഏരിയയും, വാഷ് ഏരിയയും, ടോയ്ലെറ്റും, ഒന്നാം നിലയിലും രണ്ടാം നിലയിലും മൾട്ടി പർപ്പസ് ഹാളും, ക്ലാസ് മുറിയും ഇതിനോടകം പൂർത്തിയായി. ഇൻറർലോക്ക് ഉൾപ്പെടെ ചെറിയ മിനുക്ക് പണികൾ മാത്രമേ പൂർത്തിയാക്കാൻ ബാക്കിയുള്ളൂ.
2023 ഡിസംബർ മാസമാണ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. സ്കൂളിലെ പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തത എംഎൽഎ കുഞ്ഞമ്മദ് കുട്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് സ്കൂൾ കെട്ടിട നിർമ്മാണത്തിന് വിദ്യാഭ്യാസ വകുപ്പ് ഫണ്ടിൽ നിന്നും 1 കോടി 36 ലക്ഷം രൂപ അനുവദിച്ചു.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിൻറെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തികളുടെ നിർവഹണം നടന്നത്. സമയബന്ധിതമായി മനോഹരമായ കെട്ടിടമാണ് പൂർത്തീകരിച്ചിട്ടുള്ളത്. കരാർ കാലാവധിക്കുള്ളിൽ തന്നെ പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചെന്ന് എം എൽ എ പറഞ്ഞു.