അലൈന്‍മെന്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊടുവില്‍ മലയോരഹൈവേ മുള്ളന്‍കുന്ന്- ചവറംമൂഴി വഴിതന്നെ; സ്ഥലം അളന്നുതിരിച്ചു തുടങ്ങി
പേരാമ്പ്ര: മുള്ളന്‍കുന്നില്‍നിന്ന് പെരുവണ്ണാമൂഴിയിലേക്കുള്ള മലയോരഹൈവേയുടെ പാത ചവറംമൂഴി വഴിതന്നെയാണെന്നകാര്യത്തില്‍ ഉറപ്പു നല്‍കി അധികൃതര്‍. പാതയുടെ അലൈന്‍മെന്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊടുവില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതരാണ് ഉറപ്പുനല്‍കിയിരിക്കുന്നത്.
ചവറംമൂഴി, ഒറ്റക്കണ്ടം, പന്തിരിക്കര, പെരുവണ്ണാമൂഴി വഴിയാണ് പാത കടന്നുപോകുക. ഇതിനായി ചവറംമൂഴിമുതല്‍ പന്തിരിക്കരവരെയുള്ള സ്ഥലം 12 മീറ്റര്‍ വീതിയില്‍ അടയാളപ്പെടുത്തി കുറ്റിയടിച്ചു. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി സ്ഥലമടയാളപ്പെടുത്തലിന് തുടക്കംകുറിച്ചു. ഇപ്പോഴുള്ള റോഡിന് വീതികൂട്ടിയാണ് മലയോരഹൈവേ നിര്‍മിക്കുക.
മുള്ളന്‍കുന്നില്‍നിന്ന് ചവറംമൂഴി ഭാഗത്തേക്ക് പാതയെത്താന്‍ കുറ്റ്യാടിപ്പുഴയില്‍ പാലവും നിര്‍മിക്കേണ്ടിവരും. ചവറംമൂഴിയില്‍ ജലസേചനവിഭാഗത്തിന്റെ നീര്‍പ്പാലം കടന്നുപോകുന്ന സ്ഥലത്തിന് അടിഭാഗത്തുകൂടിയാണ് നിലവിലെ റോഡുള്ളത്. ഇവിടെ ആവശ്യത്തിന് ഉയരമില്ലെന്നതിനാല്‍ മുകളിലൂടെ പാത കൊണ്ടുപോകാനാണ് ആലോചന. ഈഭാഗം ബുധനാഴ്ച റോഡ് ഫണ്ട് എന്‍ജിനിയറെത്തി പരിശോധിച്ചു. ഈ മേഖലയില്‍ 600 മീറ്റര്‍ സ്ഥലത്തുകൂടിയേ ഇനി അടയാളപ്പെടുത്താനുള്ളൂ.
നിലവിലെ റോഡിന് വീതികൂട്ടാന്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കാന്‍ സ്ഥലമുടമകള്‍ സമ്മതപത്രം നല്‍കണം. അതുലഭിച്ചാല്‍ അടങ്കല്‍ അനുമതി ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് കെ.ആര്‍.എഫ്.ബി. അസിസ്റ്റന്റ് എന്‍ജിനിയര്‍ വഹാബ് വ്യക്തമാക്കി.
മുള്ളന്‍കുന്നില്‍നിന്ന് ചെമ്പനോടവഴി പെരുവണ്ണാമൂഴിയിലേക്ക് പാത കടന്നുപോകുന്നതാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍, ഇതിനിടയില്‍ വനമേഖലയുള്ളതിനാല്‍ അനുമതിലഭിക്കാന്‍ തടസ്സമാകുമെന്നതിനാലാണ് പുതിയ അലൈന്‍മെന്റ് തയ്യാറാക്കിയത്.