ലോകോത്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം കേരളത്തില്‍ സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്; മുളിയങ്ങല്‍-കൈതക്കൊല്ലി റോഡ് നാടിന് സമര്‍പ്പിച്ചു
കായണ്ണബസാര്‍: ലോകോത്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം കേരളത്തില്‍ സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മൊത്തം പി.ഡബ്ല്യൂ.ഡി റോഡുകളുടെ അമ്പത് ശതമാനത്തിലധികം ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലെവല്‍ ക്രോസുകളില്ലാത്ത കേരളം സ്വപ്ന പദ്ധതിയാണ്. ഇതിന്റെ ഭാഗമായി ഒമ്പത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം ഒന്നിച്ച് പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കായണ്ണ പഞ്ചായത്തിലെ പണി പൂര്‍ത്തീകരിച്ച മുളിയങ്ങല്‍-കൈതക്കൊല്ലി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മൂന്നുകോടി രൂപ ചെലവഴിച്ച് കായണ്ണ മുതല്‍ മൊട്ടന്തറ വരെയാണ് റോഡ് നിര്‍മിച്ചത്. 2.3 കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ചര മീറ്റര്‍ വീതിയിലാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നിര്‍മ്മിച്ച റോഡില്‍ അഞ്ച് കലുങ്കുകളും ഒരു ക്രോസ് ഡ്രയിനും അതിനോട് ചേര്‍ന്ന് ആവശ്യമായതും സാധ്യവുമായ ഇടങ്ങളില്‍ ഇരുഭാഗങ്ങളിലുമായി 875 മീറ്റര്‍ നീളത്തില്‍ ഓവുചാലുകളും നിര്‍മിച്ചിട്ടുണ്ട്.
കായണ്ണ ബസാറില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.എം സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി. കെ ശശി, വിവിധ സ്റ്റാന്‍ഡിംങ് കമ്മറ്റിയംഗങ്ങളായ എ.സി ശരണ്‍, ബിനിഷ, കെ.കെ നാരായണന്‍, പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ് സ്വാഗതവും അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ രഞ്ജി നന്ദിയും പറഞ്ഞു.