എളുപ്പത്തിലെത്താം, പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടിവരും; വാല്യക്കോട് – മുളിയങ്ങല്‍ റോഡ് സ്ഥിരം അപകട മേഖലയാകുന്നു, ജാഗ്രത


 

പേരാമ്പ്ര: ടൗണിലെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെട്ട് വേഗമെത്താനുള്ള റോഡാണ് വാല്യക്കോട് മുളിയങ്ങല്‍ കനാല്‍ റോഡ്. എന്നാല്‍ അടുത്തിടെയായി ഈ പാതയില്‍ നിരന്തരം വാഹനങ്ങള്‍ കനാലിലേക്ക് മറിഞ്ഞ് അപകടത്തില്‍ പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മൂന്ന് അപകടങ്ങള്‍ അടക്കം അഞ്ചോളം വാഹനങ്ങള്‍ ഇവിടെ വലിയ അപകടത്തില്‍ പെട്ടു. അതിനുപുറമെ ചെറിയ അപകടങ്ങളും ഇവിടെ ഏറെയാണ്.

 

4 വര്‍ഷം മുമ്പ് പ്രധാന്‍ മന്ത്രി സഡക് യോജന പദ്ധതിയിലും കുറച്ച് ഭാഗം എം.എല്‍.എ ഫണ്ടും ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്.

വാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നി മറിഞ്ഞ അഞ്ച് അപകടങ്ങളില്‍ നാലിലും വാഹനങ്ങള്‍ കനാലിലേക്കാണ് പതിച്ചത്. കയറ്റിറക്കങ്ങള്‍ കുറഞ്ഞതും നേരെയുള്ളതുമായ റോഡിലൂടെ അമിത വേഗതയിലാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ടൗണിലെ ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടുന്നതിലുപരി ഏറെ ഭംഗിയുളള ഈ റോഡിലൂടെ യാത്ര വളരെ സുഖകരമാണ്. അതിനാല്‍ തന്നെ ഇതുവഴിയള്ള വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.

 

വീതി കുറഞ്ഞ ഈ പാതയിലൂടെ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാന്‍ കഴിയാതെ വരുന്നത് അപകടത്തിന് കാരണമാവുന്നതായി നാട്ടുകാര്‍ കരുതുന്നു. ഒരു ഭാഗം കനാലും മറുഭാഗത്ത് താഴ്ന്ന പ്രദേശവുമായാണ് റോഡിന്റെ ഘടന. ഈ റോഡിനെ കുറിച്ച് വലിയ അറിവില്ലാതെ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ കനാലിലേക്ക് ചാടിപ്പോവുകയാണ് ഉണ്ടാവുന്നത്.

 

പെട്ടന്ന് വശങ്ങളിലേക്ക് ഇറങ്ങിപ്പോവുകയോ നിയന്ത്രണം നഷ്ടമാവുകയോ ചെയ്യുന്ന വാഹനങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ ഇവിടങ്ങളില്‍ ക്രാഷ് ഗാര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. നിലവില്‍ റോഡിനിരുവശവും ഗാര്‍ഡ് സ്റ്റോണുകള്‍ ഉണ്ടെങ്കിലും ഇവയെ തകര്‍ത്താണ് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത്.

 

അതിനാല്‍ ഗാര്‍ഡ് സ്റ്റോണുകളെക്കാള്‍ ബലമുള്ള ക്രാഷ് ഗാര്‍ഡുകള്‍ അനിവാര്യമാണ്. രാത്രികാലങ്ങളില്‍ ഈ വഴി ഉപയോഗിച്ച് യാത്ര ചെയ്യുന്ന അന്യ നാടുകളിലുള്ളവരും അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ ഇടക്കിടെ ഉണ്ടാവുന്ന ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനവശ്യമായ നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണം.

 

പേരാമ്പ്രയുടെ ഒരു പ്രധാന ബദല്‍ പാതയായി ഉപയോഗിക്കുന്ന ഈ റോഡില്‍ വീണ്ടും അപകടങ്ങള്‍ ഇല്ലാതാക്കാന്‍ വേഗത നിയന്ത്രണവും അനിവാര്യമാണ്. റോഡില്‍ അപായ സൂചന ബോര്‍ഡുകളും സ്ഥാാപിക്കേണ്ടതുണ്ട്.

 

ശനിയാഴ്ച പകല്‍ കാറ് അപകടത്തില്‍പ്പെട്ട് സാരമായി പരുക്കേറ്റ് രണ്ടു പേര്‍ ചികിത്സയിലാണ്. അതിന്റെ നടുക്കം മാറുന്നതിന് മുമ്പേയാണ് ഇന്ന് വീണ്ടും അപകടമായത്.