മുക്കാളി റെയിൽവേ സ്റ്റേഷൻ പ്രവർത്തനം നിർത്തലാക്കില്ല; ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡിആർഎം


വടകര: മുക്കാളി റെയിൽവേ സ്റ്റേഷൻ പ്രവർത്തനം നിർത്താനുള്ള നിർദ്ദേശങ്ങൾ പരിഗണനയിൽ ഇല്ലെന്ന് റെയിൽവേ അധികൃതർ. പാലക്കാട് ഡിവിഷൻ ഓഫീസിൽ ഷാഫി പറമ്പിൽ എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡിആർഎം അരുൺ കുമാർ ചതുർവേദി ഇക്കാര്യം വ്യക്തമാക്കിയത്. ജനവികാരം മനസിലാക്കി നിർത്തലാക്കിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡിആർഎം പറഞ്ഞു.

രാവിലെ കോയമ്പത്തൂരിലേക്കും തിരിച്ചുള്ള ട്രെയിനിനും മുക്കാളിയിൽ സ്റ്റോപ്പ് വേണം. കോയമ്പത്തൂരിൽ നിന്ന് മടങ്ങുന്ന ട്രെയിൻ എട്ട് മണിക്ക് കോഴിക്കോട് നിന്നു വടക്കോട്ടേക്ക് പോകുന്ന രീതിയിൽ ക്രമീകരിച്ചാൽ യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കാനാകുമെന്ന എംപിയുടെ നിർദ്ദേശം സേലം ഡിവിഷൻ അധികാരികളുമായി ചർച്ച ചെയ്തതിനുശേഷം തീരുമാനിക്കുമെന്നും അധികൃതർ വ്യക്തമാക്കി. റെയിൽവേ ലൈനിനോട് ചേർന്ന ഭൂമിയിൽ വീട് നിർമിക്കാനായി എൻഒസി ലഭിക്കാനുള്ള കാലതാമസം പരിഹരിക്കാൻ നടപടി സ്വീകരിച്ചുവെന്നും ഭാവിയിൽ എൻഒസി സമയബന്ധിതമായി നൽകുമെന്നും ഡിആർഎം പറഞ്ഞു.

കോവിഡിനെ തുടർന്ന് ടെമ്പിൾ ഗേറ്റ്, മുക്കാളി, നാദാപുരം റോഡ്, ഇരിങ്ങൽ, തിക്കോടി, ചേമഞ്ചേരി, വെള്ളറക്കാട് തുടങ്ങിയ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾക്കുള്ള സ്റ്റോപ്പ് റദ്ദാക്കിയതിനാൽ ഹ്രസ്വദൂര യാത്രക്കാർ അനുഭവിക്കുന്ന പ്രയാസം എംപി ചൂണ്ടിക്കാട്ടി. സമയ ക്രമീകരണത്തിലെ സാങ്കേതിക പ്രശ്‌നങ്ങൾ കൂടി പരിഗണിച്ചു സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും ഡിആർഎം വ്യക്തമാക്കി.