വെള്ളക്കെട്ടിൽ നിന്ന് ശാപമോക്ഷം കിട്ടാതെ മുക്കാളി റെയിൽവേ അടിപ്പാത; ഈ വർഷവും അടിപ്പാതയിൽ വെള്ളം കയറി, വാഹനങ്ങൾ കുടുങ്ങി


മുക്കാളി: വെള്ളക്കെട്ടിൽ നിന്ന് ശാപമോക്ഷം കിട്ടാതെ മുക്കാളി റെയിൽവേ അടിപ്പാത. കാലവർഷം ശക്തമായതോടെ അടിപ്പാതയിൽ വെളളം കയറി. ഇന്നലെ കാർ യാത്രികർ വെള്ളക്കെട്ടിൽ കുടുങ്ങി. കഴുത്തോളം വെള്ളത്തിൽ നിന്നാണ് നാട്ടുകാർ കാർ തള്ളി നീക്കി റോഡിലേക്ക് എത്തിച്ചത്.

ഏറാമല പഞ്ചായത്തും അഴിയൂർ പഞ്ചായത്തും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. സെൻഡ്രൽ മുക്കാളിയിലാണ് അടിപ്പാതയുള്ളത്. വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പടെ നൂറോളം പേരാണ് ദിവസവും ഈ അടിപ്പാതയിലൂടെ യാത്ര ചെയ്യുന്നത്. ഒരാഴ്ചയായി ഇവിടെ വെള്ളം കയറി തുടങ്ങിയിട്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ കഴിഞ്ഞ ദിവസം മുതൽ ഇതിലൂടെയുള്ള വാഹന ​ഗതാ​ഗതം ഉൾപ്പടെ നിരോധിച്ചെന്ന് മുക്കാളി ടൗൺ വാർ​ഡം​ഗം വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

വെള്ളം ഇറങ്ങി തുടങ്ങിയാൽ മാത്രമേ ഇത് വഴി വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും കടന്ന് പോകാൻ സാധിക്കുകയുള്ളൂ. അടുത്ത കാല വർഷമെങ്കിലും മുക്കാളി റെയിൽ വേ അടിപ്പാതയ്ക്ക് വെള്ളക്കെട്ടിൽ നിന്ന് ശാപമോക്ഷം കണ്ടെത്താൻ അധികൃതർ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.