മുഹമ്മദ് പേരാമ്പ്രയ്ക്ക് എൻ. രാധാകൃഷ്ണൻ സ്മാരക നാടക പ്രതിഭാ പുരസ്കാരം; ഒക്ടോബർ 27ന് കൂത്തുപറമ്പിൽ വച്ച് പുരസ്ക്കാരം ഏറ്റുവാങ്ങും


കൂത്തുപറമ്പ് : നാടക പ്രതിഭ എൻ. രാധാകൃഷ്ണൻ സ്മാരക നാടക പ്രതിഭാ പുരസ്കാരത്തിന് അർഹനായി മുഹമ്മദ് പേരാമ്പ്ര. അമ്പത് വർഷക്കാലമായി നടനായും പ്രഭാഷകനായും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ സാംസ്കാരികമായ ഉണർവുണ്ടാക്കിയ വ്യക്തിയാണ് മുഹമ്മദ് പേരാമ്പ്ര. മൂന്നുതവണ മികച്ച നാടക നടനുള്ള പുരസ്കാരം ഇദ്ധേഹത്തിന് ലഭിച്ചിട്ടുണ്ട്. ഏത് വിഷയത്തെക്കുറിച്ചും ആഴത്തിലുള്ള പ്രസം​ഗം നടത്താൻ കൂടിയുള്ള കഴിവ് മുഹമ്മദ് പേരാമ്പ്രയ്ക്കുണ്ട്.

നടനും ഗായകനും സംഘാടകനുമായിരുന്ന രാധാകൃഷ്ണൻ കൂത്തുപറമ്പിന്റെ ഓർമ നിലനിർത്താൻ കൂത്തുപറമ്പിലെ കലാസംഘടനകൾ സംയുക്തമായിട്ടാണ് പുരസ്ക്കാരം നൽകുന്നത്. നാല് പതിറ്റാണ്ട് കൂത്തുപറമ്പിന്റെ കലാരംഗത്തും സീരിയൽ രംഗത്തും നിറഞ്ഞു നിന്നിരുന്ന രാധാകൃഷ്ണൻ അനിൽ ബാനർജി ഒരുക്കുന്ന മുൻഷിയിൽ നീണ്ടവർഷം ഹാജിയാരായി വേഷമിട്ടിട്ടുണ്ട്. കൂത്തുപറമ്പ് സി കെ ജി തിയറ്റേഴ്സിന്റെ അമച്വർ – പ്രഫഷനൽ നാടകങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. മികച്ച ഗായകൻ കൂടിയാണ്. ഒക്ടോബർ 27ന് കൂത്തുപറമ്പ് സംഗീത സഭയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ നാടകപ്രവർത്തകൻ ജിനോ ജോസഫ് അവാർഡ് സമർപ്പണം നിർവ്വഹിക്കും.