എം.ടിയുടെ സംസ്ക്കാരം വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ; മഹാസാഹിത്യകാരനെ അവസാനമായൊന്ന് കാണാൻ സിതാരയിലെത്തുന്നത് നിരവധിപേർ
കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. കോഴിക്കോട് കൊട്ടാരം റോഡിലെ അദ്ദേഹത്തിന്റെ വസതിയായ സിതാരയിലേക്ക് പ്രമുഖരുൾപ്പടെ നിരവധിപേർ വന്നുകൊണ്ടിരിക്കുകയാണ്. എം.ടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. മഹാസാഹിത്യകാരനെ അവസാനമായൊന്ന് കാണാൻ രാത്രി വൈകിയും സിതാരയിലേക്ക് ആളുകൾ വന്നിരുന്നു.
എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
കഴിഞ്ഞ 15നാണ് എം.ടിയെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാലാം ദിവസം ഹൃദയാഘാതമുണ്ടായി ആരോഗ്യനില കൂടുതൽ വഷളായി. ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നതിനിടെ ബുധനാഴ്ച നില കൂടുതൽ വഷളായി. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു വരികയായിരുന്നു. രാത്രി ഒൻപതോടെ വൃക്കകളുടെയും ഹൃദയത്തിൻറെയും പ്രവർത്തനം മന്ദഗതിയിലായി. പിന്നീട് രാത്രി പത്തോടെ മരണം ഡോക്ടർമാർ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.