സിതാരയില്‍ നിന്ന് സ്മൃതി പഥത്തിലേക്ക് കൂടെ നടന്ന് ആയിരങ്ങള്‍; എം.ടി.വാസുദേവന്‍ നായര്‍ക്ക് ഹൃദയം കൊണ്ട് വിട നല്‍കി കേരളം


കോഴിക്കോട്: മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി ഇനി ജ്വലിക്കുന്ന ഓർമ. എം.ടി വാസുദേവൻ നായരുടെ മൃതദേഹം വൈകുന്നേരം അഞ്ചുമണിക്ക്‌ കോഴിക്കോട്‌ മാവൂർ റോഡിലുള്ള ‘സ്‌മൃതി പഥ’ത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. വൈകിട്ട് 4.30ഓടെ കൊട്ടാരം റോഡിലെ വസതിയായ ‘സിതാര’യിൽ നിന്ന്‌ ‘സ്‌മൃതി പഥ’ത്തിലേക്കുള്ള അവസാന യാത്രയിൽ ആയിരങ്ങൾ പങ്കുചേർന്നു.

സഹോദരന്റെ മകൻ ടി. സതീശൻ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. എം.ടിയുടെ ആ​ഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിരുന്നു. വീട്ടിലെത്തിയാണ് ആളുകൾ എം.ടിയെ അവസാനമായി കണ്ടത്. മോഹൻലാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, സംവിധായകൻ ഹരിഹരൻ, എഴുത്തുകാരായ പി.കെ. പാറക്കടവ്, കൽപറ്റ നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ, യു.കെ. കുമാരൻ, എം.എം. ബഷീർ, കെ.പി. സുധീര, പി.ആർ. നാഥൻ, കെ.സി. നാരായണൻ, ഗോവ ഗവർണർ ശ്രീധരൻ പിള്ള, എം.പി. അബ്ദുസമദ് സമദാനി എം.പി, മേയർ ഡോ. ബീന ഫിലിപ്, ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഡിറ്റർ വി.എം ഇബ്രാഹീം, മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഇപി ജയരാജൻ, നടൻ വിനീത്, തുടങ്ങിയ കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അന്തരിച്ചത്‌. കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് എം.ടി.വാസുദേവന്‍ നായര്‍ മരണപ്പെട്ടത്. കൈവെച്ച മേഖലകളില്‍ എല്ലാം ഉയരങ്ങളില്‍ എത്തിയ പ്രതിഭാശാലിയായിരുന്നു അദ്ദേഹം.

1968ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981-ല്‍ ആ സ്ഥാനം രാജിവെച്ചു. 1989-ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയിലെത്തി. 1999-ല്‍ മാതൃഭൂമിയില്‍നിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനായിരുന്നു.

2005-ല്‍ രാജ്യം എം.ടിയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ല്‍ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിന് നല്‍കിയ അമൂല്യസംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മ ഗാന്ധി സര്‍വകലാശാലയും ഡി.ലിറ്റ്. നല്‍കി ആദരിച്ചു. എം.ടി. ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘നിര്‍മ്മാല്യം’ 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനുപുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.