ഓര്‍മകളില്‍ നിറഞ്ഞ് പ്രിയപ്പെട്ട എഴുത്തുകാരന്‍, ‘എം.ടി കാലം കാഴ്ച’; ഫോട്ടോ എക്സിബിഷന് വടകരയിൽ തിരിതെളിഞ്ഞു


വടകര: 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലിങ്ക് റോഡിൽ ഒരുക്കിയ ചരിത്ര പ്രദർശന നഗരിയിൽ ‘എം.ടി കാലം കാഴ്ച’ ഫോട്ടോ എക്സിബിഷന് തുടക്കമായി. വടകരയിലെ ചിത്രമെഴുത്തുകാരായ പവിത്രൻ ഒതയോത്ത്, ജോളി എം സുധൻ, അമ്പിളി വിജയൻ, ബേബിരാജ്, ശ്രീജിത്ത് വിലാതപുരം, രജീന, രമേഷ് രഞ്ജനം എന്നിവർ എംടിയെയും അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെയും കാൻവാസിൽ പകർത്തി പ്രദർശനം ഉദ്ഘാടനം ചെയ്തു.

എം.ടിയുടെ വിവിധ കാലങ്ങളിലെ ചിത്രങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹത്തിൻ്റെ അന്ത്യ യാത്ര വരെയുള്ള നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പുനലൂർ രാജൻ, പി മുസ്തഫ, ബി ജയചന്ദ്രൻ, അജീബ് കോമാച്ചി, നീന ബാലൻ, റസാഖ് കോട്ടക്കൽ, ഷാജു ജോൺ, കെ.കെ സന്തോഷ്, വിനയൻ, ബിജുരാജ്, കെ.എസ് പ്രവീൺ കുമാർ ഉൾപ്പെടെയുള്ള 35 ഫോട്ടാ ഗ്രാഫർമാരാണ് ചിത്രങ്ങൾ പകർത്തിയത്. എം.ടി യുടെ ജീവിതം, സാഹിത്യം, സിനിമ, ജന്മദേശമായ കൂടല്ലൂർ, തുഞ്ചൻപറമ്പ്, മനുഷ്യനും പ്രകൃതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങൾ എന്നിവയെല്ലാം ചിത്രപ്രദർശനത്തിലുണ്ട്.

തുടർന്ന് എം.ടി കാലം കാലാതീതം എന്ന വിഷയത്തിൽ സെമിനാർ നടന്നു. ‘എം.ടി സ്ഥലകാല സമീക്ഷ’ എന്ന വിഷയത്തിൽ ഇ.പി രാജഗോപാലനും, എം.ടി കാലത്തിൻ്റെ ചലച്ചിത്രഭാവനകൾ എന്ന വിഷയത്തിൽ കെ.ടി ദിനേശനും പ്രബന്ധങ്ങൾ അവതരിച്ചു. ടി.രാജൻ അധ്യക്ഷത വഹിച്ചു. മണലിൽ മോഹനൻ സ്വാഗതവും ടി.വി രമേശൻ നന്ദിയും പറഞ്ഞു. തുടർന്ന് പ്രസാദ് കൈതക്കൽ അവതരിപ്പിച്ച ‘ദിവ്യാത്ഭുത അനാവരണ’ പരിപാടി അരങ്ങേറി.

Description: MT kalam view'; The photo exhibition was re-opened in Vadakara