‘ചൂഷണത്തിനും കടന്നുകയറ്റത്തിനും വിധേയരാവുന്ന ജീവിതങ്ങളെ ഇതിൽപ്പരമെങ്ങനെ അടയാളപ്പെടുത്താനാകും’; ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസിന്റെ ‘കാടകലം’ എന്ന ചിത്രത്തെ കുറിച്ച് പ്രേമൻ മുചുകുന്ന് എഴുതുന്നു
പ്രേമൻ മുചുകുന്ന്
കാടിനെ പ്രണയിക്കുന്ന നിരാലംബരായ മനുഷ്യർ സ്വത്വ സംരക്ഷണത്തിനിടയിൽ നേരിടുന്ന വെല്ലുവിളികൾക്കൊപ്പം പിതൃപുത്ര ബന്ധതീവ്രതയുടെ സൗന്ദര്യ ബിംബങ്ങളും
വെച്ചു കെട്ടലുകളില്ലാതെ ചിത്രപ്പെടുത്തുന്നൊരു സിനിമയാണ്
‘ കാടകലം ‘
ഒന്നര മണിക്കൂർകൊണ്ട് സിനിമ പറയാൻ ശ്രമിക്കുന്നത് മുഴുവൻ, അതിലേറെയും അഞ്ചു മിനിറ്റ് കൊണ്ട് അറിഞ്ഞനുഭവിപ്പിക്കുന്നുണ്ട് മികച്ച ഗാന രചയിതാവിനുള്ള പുരസ്‌കാരം നേടിയ ഈ സിനിമയിലെ ഒരു ഗാനം.
സ്വാർത്ഥതയ്ക്കിടം കൊടുക്കാതെ, അതിശയകരമായൊരനുഭവത്തിന്റെ അനുഭൂതിയിൽ പ്രകൃതിയും മനുഷ്യരും മൃഗങ്ങളും സകല ജീവജാലങ്ങളും ഒന്നായി പരിലസിക്കുന്ന കാടെന്ന ആശ്ചര്യ ഭൂമികയെ എങ്ങനെയൊക്കെ അടയാളപ്പെടുത്താമോ അങ്ങനെയൊക്കെ അടയാളപ്പെടുത്തുന്നുണ്ട് ഈ ആർദ്ര ഗാന വിസ്മയം.
” കണ്ണീരു കടഞ്ഞു കടിഞ്ഞൂൽ പെറ്റുണ്ടായ കരിങ്കനിയേ…
കല്ലിൽ മറുകല്ലുരയുമ്പോൾ ചിന്തിയുണർന്ന കനൽ കനിയേ…”
ആദ്യ രണ്ടു വരികളിൽ പതഞ്ഞു നിറഞ്ഞുയരുന്നുണ്ട്
കാട്ടിനുള്ളിലെ ജീവിത ദുരിതങ്ങളുടെ കണ്ണീർപാടുകളും അവർ നേരിടുന്ന സഹന ജീവിതത്തിന്റെ കനൽ ചിന്തുകളും .
ചൂഷണത്തിനും കടന്നുകയറ്റത്തിനും അനുദിനം വിധേയരാവുന്ന ഈ വ്രണിത ജീവിതങ്ങളെ ഇതിൽപ്പരമെങ്ങനെ അടയാളപ്പെടുത്താനാവും!
ആകാശത്തിലെ നക്ഷത്ര കുഞ്ഞുങ്ങളോട് ചിരിച്ചും
കുന്നുകളോട് കയർത്തും കാറ്റിനോട് പിറുപിറുത്തും മരമർമ്മരങ്ങളോട് പ്രതിവചിച്ചും കിളി കൊഞ്ചലുകൾക്കുത്തരം കൊടുത്തും
കാടിന്റെ ഭാഷയറിഞ്ഞുല്ലസിച്ചു നടക്കുന്നൊരു കുട്ടിക്കുരുന്ന്,
നഗര ജീവിതത്തിലേയ്ക്ക് പറിച്ചു നടപ്പെടുമ്പോൾ തന്റെ വേരും അതിന്റെ ചൂരും മറന്നു പോകരുതേയെന്നോർമ്മപ്പെടുത്തൽ
നിറഞ്ഞിരിപ്പുണ്ട്,
“നീയുയരേ വാനം മുട്ടി വളർന്നാൽ വേരു മറക്കല്ലേ…
വേരിനകത്താരും കാണാ കാടിൻ ചൂര് മറക്കല്ലേ….”
എന്ന വരികളിൽ. ഉയരങ്ങളിലേയ്ക്ക് പറന്നുയരാൻ വെമ്പുന്ന ലോകത്തിലെ മുഴുവൻ കുഞ്ഞുങ്ങളോടും രക്ഷിതാക്കളുടെ
പ്രാർത്ഥന കൂടിയായിതിനെ കാണാം .
കാഴ്ചയിൽ ഇരുൾ നിറഞ്ഞതെങ്കിലും കാട് അറിവിന്റെ, നിസ്വാർത്ഥതയുടെ സൗന്ദര്യത്തിന്റെ, ശാന്തതയുടെ
വെളിച്ചം നിറഞ്ഞതാണെന്നും എന്നാൽ,
വിദ്യുത് പ്രകാശത്തിലാറാടി നിൽക്കുമ്പോഴും നഗരം സ്നേഹരാഹിത്യത്തിന്റെയും സ്വാർത്ഥതയുടെയും
ഇരുട്ട് നിറഞ്ഞതാണെന്നും പറയാതെ പറയുന്നുണ്ട്
ഈ വരികൾ.
“നീ പോയ് പഠിച്ചു വരുമ്പോഴേയ്ക്കും നിങ്ങളന്യോന്യം മറന്നിരിക്കും
പോയി നാം ഇത്തിരി വ്യാകരണം വായിലാക്കീട്ടു വരുന്നു മന്ദം നാവിൽനിന്നപ്പോഴേ പോയ്ക്കഴിഞ്ഞു നാനാ ജഗൻ മനോരമ്യ ഭാഷ ”
എന്ന ഇടശ്ശേരിക്കവിത വരികൾക്കിടയിൽ നിന്ന് നമ്മെ നോക്കി പുഞ്ചിരിക്കുന്നുമുണ്ട്.
കാടിന്റെ മനസ്സും കാട്ടു മനുഷ്യരുടെ സങ്കടങ്ങളും,
പ്രകൃതിയുടെ കനിവും, വൈകാരിക ബന്ധങ്ങളുടെ തൈഷ്ണ്യവുമെല്ലാമിഴചേർത്ത് ബി. കെ. ഹരിനാരായണന്റെ
തൂലിക വരികളെ അത്രമേൽ രാകിമിനുക്കി ചേർത്ത് വെച്ചിട്ടുണ്ട്. ആ രചനാപാടവം തന്നെയാണീ ഗാനത്തിന്റെ കരുത്തും.
ഹരിത വനസമൃദ്ധിയിലേയ്ക്കും കാട്ടരുവി ചുരത്തുന്ന തെളിനീർ കുളിരിലേയ്ക്കും പ്രേക്ഷകനെ കൈപിടിച്ച് കൂട്ടിക്കൊണ്ട് പോകുന്നുണ്ട്
ഹരിയുടെ കാവ്യഭാവനയെ തന്റെ മാസ്മരിക സംഗീത വൈഭവം കൊണ്ടതിശയപ്പെടുത്തുന്ന സംഗീത സംവിധായകൻ പി. എസ്. ജയഹരിയുടെ മിടുക്ക് .
വിദൂരതയിലെവിടെയോ മറഞ്ഞിരിക്കുന്നൊരു മഞ്ഞു മലയിൽ നിന്നൊഴുകി വരുന്നതെന്ന് തോന്നുന്നതും അഭൗമമെന്നത്ഭു തപ്പെടുത്തുന്നതുമായ മാന്ത്രിക ശബ്‍ദം കൊണ്ട്
ആലാപനം സമ്പന്നമാക്കുന്നുണ്ട് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ബിജി ബാൽ
കാട്ടിനുള്ളിൽ നിന്ന് കുഞ്ഞാപ്പുവിനെ നഗരത്തിലെ സ്കൂളിൽ പഠിക്കാനയയ്ക്കുന്ന അച്ഛൻ മുരുകന്റെ സങ്കടങ്ങളും വേവലാതികളും ഗാനരംഗത്തിൽ മിഴിവോടെ വരച്ചിടുന്നുണ്ട് കുട്ടികളുടെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘കാടകല’ ത്തിൽ സംവിധായകൻ സഖിൽ രവീന്ദ്രൻ . സതീഷ് കുന്നത്തും മകൻ ഡാവിഞ്ചി സതീഷും അച്ഛനും മകനുമായി കാടിനെ അറിഞ്ഞഭിനയിക്കുന്നുമുണ്ട് .
കേട്ട നിമിഷം മുതൽ ഈ ഗാനത്തിന്റെ ഈരടികൾ
ഒരു കാട്ടുതെന്നലായെന്നെ ചേർത്തണച്ച്, വനജീവിതത്തിന്റെ കനൽ പറമ്പിൽ കൊണ്ടിരുത്തി, കാട്ടുമുത്തി പറഞ്ഞ കടങ്കഥകൾ കേൾപ്പിച്ച്,
ഉത്തേജനത്തിന്റെ ഊർജ്ജവും ഉപദേശത്തിന്റെ തലോടലും
എന്നിലാവോളം നിറച്ച് അവസാനമൊരു മുളഞ്ചീന്ത് പോലെന്റെ
ചങ്ക് പിളർന്നെന്നെ സങ്കടപ്പെയ്ത്തിൽ നനച്ച്, വീണ്ടുമൊരു കുളിരായ്,
മൂളലായ് കൂടെയുണ്ട്, ഇപ്പോഴും ഒഴിഞ്ഞു പോകാതെ….!