ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം മാറ്റാനുള്ള നീക്കം; ​ഗ്രാമപഞ്ചായത്തിന് മുന്നിൽ ബഹുജന പ്രതിഷേധം


പേരാമ്പ്ര : കടിയങ്ങാട് പച്ചിലക്കാട് പ്രവർത്തിക്കുന്ന ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം (സബ്ബ് സെന്റർ) മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന് മുന്നിൽ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. ദേശീയ ആരോഗ്യ മിഷന്റെ 55 ലക്ഷം രൂപ 2022 – 23 സാമ്പത്തിക വർഷം അനുവദിച്ചിരുന്നു, ഈ തുക കടിയങ്ങാട് പച്ചിലക്കാട് പ്രവർത്തിക്കുന്ന സബ്ബ് സെന്ററിനാണ് അനുവദിച്ചതെന്നും ഇത് മറ്റൊരിടത്തേക്ക് മാറ്റാൻ അനുവദിക്കുകയില്ലെന്നും, ഭരണ സമിതിയുടെ അനാസ്ഥ മൂലം പ്രവർത്തി അരംഭിക്കാത്തതിനാൽ ഫണ്ട് ലാപ്‌സായി പോകുമെന്നും ആരോപിച്ചാണ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രദേശത്തെ പൗരപ്രമുഖനായിരുന്ന കെ. ചാത്തൻ മേനോൻ സൗജന്യമായി നൽകിയ സ്ഥലത്താണ് നിലവിൽ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. വർഷങ്ങളായി കടിയങ്ങാട് പ്രവർത്തിച്ചു വരുന്ന സബ് സെന്റർ വടക്കുമ്പാടേക്ക് മാറ്റാനാണ് ഭരണസമിതി തീരുമാനിച്ചത്. ഇതിനെതിരെയാണ് പ്രതിഷേധം. ബഹുജന പ്രതിഷേധം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആനേരി നസീർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ എസ് സുനന്ദ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം പി ടി അഷ്‌റഫ്‌, വി പി ഇബ്രാഹിം, എൻ കെ ചന്ദ്രൻ, പാളയാട്ട് ബഷീർ, ഇ വി ശങ്കരൻ, ആക്ഷൻ കമ്മിറ്റി കൺവീനർ ഇല്ലത്ത് അഷ്‌റഫ്‌, സി കെ ലീല, വിജയൻ ചാത്തോത്ത്, ഇബ്രാഹിം പുല്ലാക്കുന്നത്ത്, ആക്ഷൻ കമ്മിറ്റി ട്രഷറർ എൻ എം രവീന്ദ്രൻ, എൻ ജയശീലൻ, റഷീദ് കരിങ്കണ്ണിയിൽ,മാക്കൂൽ ഇബ്രായി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ മുബഷിറ, ഇ ടി സരീഷ്, കെ എം ഇസ്മായിൽ, വി കെ ഗീത, കെ ടി മൊയ്തീൻ സംസാരിച്ചു. തുടർന്ന് കടിയങ്ങാട് ടൗണിൽ നടന്ന പ്രകടനത്തിന് സന്തോഷ്‌ കോശി, ഇ എൻ സുമിത്ത്, കെ പി ശ്രീധരൻ, ജമാൽ ഒ സി, അമ്മദ് പി,സഫിയ പടിഞ്ഞാറയിൽ, ഷിജി ടി പി, ഷൈജ രാജീവൻ, രജിന പി എം, സുഹറ ചേക്കു, മൂസ മറിയം പാറെമ്മൽ, നാരായണി കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.