മോട്ടിവേഷൻ ക്ലാസ്, സ്റ്റഡി ക്ലിനിക്കുകൾ, ജയിക്കാം പഠിക്കാം; എസ്എസ്എൽസി പരീക്ഷയിലെ മികച്ച വിജയത്തിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി സ്മാർട്ട് കുറ്റ്യാടി


വടകര: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ബഹുജന വിദ്യാഭ്യാസ കൂട്ടായ്മയായ സ്മാർട്ട് കുറ്റ്യാടിയുടെ നേതൃത്യത്തിൽ എസ്എസ്എൽസി കുട്ടികൾക്കായി എളുപ്പമാണ് എസ്എസ്എൽസി – വിജയോത്സവം -23′ സംഘടിപ്പിക്കുന്നു. വിജയോത്സവത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്നതിന് സഹായകരമായ രീതിയിൽ രക്ഷിതാക്കൾക്ക് ക്ലാസ്, വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ്, സ്റ്റഡി ക്ലിനിക്കുകൾ, പ്രാദേശിക പഠനം, ജയിക്കാം പഠിക്കാം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ജനുവരി 25 മുതൽ മാർച്ച് അഞ്ച് വരെയാണ് പരിപാടി.

ശരാശരി നിലവാരത്തിലുള്ള കുട്ടികളെ പോലും എ പ്ലസ് നിലവാരത്തിൽ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജനുവരി 25, 26, 27 തിയതികളിലായി മോട്ടിവേഷൻ ക്ലാസ് നടക്കും. മനോജ് പാനൂർ, ഇസ്മായിൽ മരുതേരി, സവിത, കെ ടി ജോർജ്, സമീർ, ശാന്ത, അനീസ് മുഹമ്മദ്, ബാബു കല്ലേരി, സിറാജുദ്ദീൻ, കെ വിജയൻ, ടി മോഹൻദാസ് എന്നിവരടങ്ങിയ
റിസോഴ്സ് ഗ്രൂപ്പാണ് ക്ലാസ് നടത്തുന്നത്. ബുധനാഴ്ച പകൽ രണ്ട് മുതൽ അതാത് വിദ്യാലയങ്ങളിലാണ് പരിപാടി.