പ്രസവത്തെത്തുടർന്ന് ഇരിങ്ങണ്ണൂർ സ്വദേശിനിയും കുഞ്ഞും മരിച്ച സംഭവം; വടകരയിലെ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്


വടകര: പ്രസവത്തെ തുടർന്ന് നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്. ചികിത്സയിൽ അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി സൗദയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്. ഇരിങ്ങണ്ണൂർ സ്വദേശി സൗദയും നവജാതശിശുവും ആണ് മരിച്ചത്.

പ്രസവശസ്ത്രക്രിയയ്ക്കായി സൗദയെ ഫെബ്രുവരി 13-നാണ് വടകര സിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ ശസ്ത്രക്രിയ നടത്തുകയും സൗദ അബോധാവസ്ഥയിലാവുകയും ചെയ്തു. അത്യാസന്ന നിലയിലായ കുഞ്ഞിനെ വടകരയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്നാമത്തെ ദിവസം മരിച്ചു. അത്യാസന്നനിലയിലായ സൗദയെ കോഴിക്കോട് മൈത്ര, വടകര പാർക്കോ, കോഴിക്കോട് ഇക്ര തുടങ്ങിയ ആശുപത്രികളിൽ ചികിത്സിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മെയ് 13-നാണ് ഇവർ മരണപ്പെട്ടത്.

മരണം ആശുപത്രിയുടെ ചികിത്സപ്പിഴവുമൂലമാണെന്ന് ബന്ധുക്കൽ നേരത്തെ ആരോപിച്ചിരുന്നു. അനസ്തേഷ്യ നൽകിയതിലെ പിഴവും ചികിത്സയിലെ അനാസ്ഥയുമാണ് മരണ കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. വടകര ഡിവൈഎസ്പി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.