ഗൂഗിളില്‍ നോക്കി കള്ളനോട്ടടി; ലോട്ടറി കച്ചവടക്കാരന് വ്യാജനോട്ട് നല്‍കി ഭാഗ്യം വാങ്ങാനെത്തിയ അമ്മയും മകളും ഭാഗ്യക്കേടിന് ചെന്നെത്തിയത് പൊലീസ് കസ്റ്റഡിയില്‍


ആലപ്പുഴ: കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ അമ്മയും മകളും അറസ്റ്റില്‍. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ വിലാസിനി(68), ഇവരുടെ മകളായ ഷീബ (34) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി കച്ചവടക്കാര്‍ക്ക് കള്ളനോട്ട് കൊടുത്ത് അവരില്‍ നിന്ന് ടിക്കറ്റ് വാങ്ങുകയായിരുന്നു.

കോട്ടയം നഗരത്തിലെ ലോട്ടറി കടയില്‍ നിന്ന് ലോട്ടറി വാങ്ങുന്നതിനായി കള്ളനോട്ടുമായി എത്തുകയ വിലാസിനിയെ സംശയം തോന്നിയ കടക്കാരന്‍ പൊലീസില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വിലാസിനി തന്നത് വ്യാജനോട്ടുകളാണെന്ന് തിരിച്ചറിഞ്ഞു. അതിന് ശേഷമാണ് അറസ്റ്റ് നടന്നത്. ഇവരുടെ പക്കല്‍ നിന്ന് നൂറ് രൂപയുടെ പതിനാല് വ്യാജ നോട്ടുകളും കണ്ടെടുത്തു.

വിശദവിവരങ്ങളറിയാനായി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ചോദ്യെചെയ്യലില്‍ കള്ളനോട്ട് കേസില്‍ മകളുടെ പങ്ക് കൂടി വ്യക്തമായ പൊലീസ് ഇവര്‍ നിലവില്‍ വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടിലെത്തുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ വീടിന്റെ ഹാളിലെ കട്ടിലിനടിയില്‍ പത്രപേപ്പറില്‍ ഒളിച്ചു വച്ചിരുന്ന അഞ്ഞൂറ് രൂപയുടെ മുപ്പത്തിയൊന്നും ഇരുനൂറ് രൂപയുടെ ഏഴും നൂറ് രൂപയുടെ നാലും പത്ത് രൂപയുടെ എട്ടും വ്യാജ നോട്ടുകള്‍ പൊലീസ് കണ്ടെടുത്തു. കൂടാതെ വ്യാജ നോട്ടുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ്പും പ്രിന്ററും സ്‌കാനറും അവിടെ നിന്ന് ലഭിച്ചു.

ഗൂഗിളില്‍ നിന്നുമാണ് വ്യാജകറന്‍സി ഉണ്ടാക്കാന്‍ പഠിച്ചതെന്ന് മകള്‍ ഷീബയെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായി. വ്യാജ കറന്‍സി ഉണ്ടാക്കിയതിന് ശേഷം അത് അമ്മയുടെ കയ്യില്‍ കൊടുത്തുവിടും, പിന്നീട് ആ പണം കൊണ്ട് ലോട്ടറി കച്ചവടക്കാരില്‍ നിന്നും മാര്‍ക്കറ്റിലെ മറ്റ് ചെറുകിട കച്ചവടക്കാരില്‍ നിന്നും അമ്മ സാധനങ്ങള്‍ വാങ്ങിക്കും അവരുടെ പദ്ധതിയെക്കുറിച്ച് ഇപ്രകാരമാണ് പൊലീസ് വിശദീകരിച്ചത്.