നാല് പേര് ഒലിച്ചുപോയി, കടലിലെ പാറയിൽ തങ്ങിനിന്ന് മൃതദേഹം; തിക്കോടി കല്ലകത്ത് കടപ്പുറത്ത് തിരയില്‍പ്പെട്ട് നാല് പേര് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിക്കോടി: കല്ലകത്ത് കടപ്പുറത്ത് തിരയില്‍പ്പെട്ട് നാല് വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വയനാട് കൽപ്പറ്റ സ്വദേശികളായ നെല്ലിയംപാടം അമ്പിലേരി വാണി (32), അഞ്ചുകുന്ന് പാട്ടശ്ശേരി വീട് അനീസ (35), ഗൂഢലായികുന്ന് നടുക്കുന്നിൽ ബിനീഷ് കുമാർ (41), പിണങ്ങോട് കാഞ്ഞിരക്കുന്നത് വീട് ഫൈസൽ (35) എന്നിവരാണ് മരിച്ചത്. തിരയില്‍പ്പെട്ട ജിന്‍സി എന്ന യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മണിക്കൂർ കഴിഞ്ഞാണ് നാലാമത്തെയാളെ കടലിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
കൽപ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 24 അംഗ സംഘമാണ് കടൽ കാണാനെത്തിയത്. ഇവരിൽ 5 പേർ കടലിൽ ഇറങ്ങുകയായിരുന്നു. പിന്നാലെയാണ് ശക്തമായി തിരയില്‍പ്പെട്ടത്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ രക്ഷാപ്രവർത്തനത്തിൽ 3 പേരെ കരയ്ക്ക് എത്തിച്ചു. ഇവരെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കടലിൽ ഇറങ്ങരുതെന്ന് സംഘത്തോട് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, കൈകോർത്തു പിടിച്ച് സംഘം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. ഹരിതഗിരി ഹോട്ടൽ മാനേജർ അമ്പിലേരി സ്വദേശി സതീശന്റെ ഭാര്യയാണു മരിച്ച വാണി. തരുവണ സ്വദേശി അനീസ ജിം ട്രെയിനറാണ്. പ്രാദേശിക രാഷ്ട്രീയ നേതാവാണ് ബിനീഷ്. 3 പേരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ്.
Description: More information about the death of four people in Thikkodi