പരിചയപ്പെട്ടത് ചായക്കടയില്‍വെച്ച്, സൗഹൃദം പ്രണയമായി, പിന്മാറാന്‍ ശ്രമിച്ചതോടെ മര്‍ദ്ദനം; കോഴിക്കോട് ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയായ തൃശൂര്‍ മൗസ മെഹറീസ് തൂങ്ങി മരിച്ചത് ആണ്‍സുഹൃത്തില്‍ നിന്നുള്ള പീഡനത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തെ തുടര്‍ന്നെന്ന് പൊലീസ്. സംഭവവമായി ബന്ധപ്പെട്ട് കോവൂര്‍ സ്വദേശി അല്‍ഫാന്‍ ഇബ്രാഹിമിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഫെബ്രുവരി 24നാണ് മൗസയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് മൗസ അല്‍ഫാന്‍ ഇബ്രാഹിമിനെ പരിചയപ്പെടുന്നത്. ചായക്കടയില്‍വെച്ചായിരുന്നു ഇരുവരും സൗഹൃദത്തിലായത്. ഇത് പിന്നീട് പ്രണയമായി മാറി.

അല്‍ഫാന്‍ നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ തുടങ്ങിയതോടെ മൗസ പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചു. ഇതോടെ അല്‍ഫാന്‍ മൗസയെ ഹോട്ടലില്‍വെച്ച് പരസ്യമായി മര്‍ദ്ദിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

വാഹനപ്രേമിയായ മൗസ അല്‍ഫാന്റെ കാര്‍ കണ്ടാണ് പരിചയപ്പെട്ടത്. വണ്ടി വാങ്ങി മറിച്ച് വില്‍ക്കാന്‍ അല്‍ഫാന്റെ പേരില്‍ മഹാരാഷ്ട്ര പൊലീസിലും കേസുണ്ട്. വലിയ തുകയുടെ ഇടപാടുകള്‍ നടന്നതുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.

വയനാട് വൈത്തിരിയില്‍വെച്ചാണ് അല്‍ഫാനെ കഴിഞ്ഞദിവസം പിടികൂടിയത്. ഇയാളുടെ മേല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. വിവാഹിതനായ അല്‍ഫാന് ഒരു കുട്ടിയുണ്ട്.

Description: More details emerge on the suicide of a student at Kozhikode Government Law College