വാ കാട്ടിലേക്ക്… മഴ നനയാം- മറക്കാത്ത അനുഭവമാകും അതിരപ്പിള്ളിയിലൂടെയുള്ള ഈ യാത്ര


ഴ കണ്ടിട്ടില്ലേ.. എല്ലാം മറന്ന് എത്രനേരം വേണമെങ്കിലും നോക്കിയിരുന്ന് പോകുന്ന മഴ. അപ്പോള്‍ കാട്ടിലെ മഴയോ? അത് അധികം പേര്‍ക്കും കാണാനായിട്ടുണ്ടാവില്ല. വിഷമിക്കേണ്ട, നമുക്കൊരു മഴയാത്ര പോകാം. കാട്ടിലെയും പുഴയിലെയും മഴ കാണാനും ആ കുളിരില്‍ കുറേയേറെ ദൂരം നടക്കാനുമായി ഒരു യാത്ര.

കോവിഡിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് നിര്‍ത്തിവെച്ച അതിരപ്പിള്ളി മഴയാത്ര ഇത്തവണ പുനരാംരംഭിച്ചിരിക്കുകയാണ്. ജൂലൈ 22ന് രാവിലെയാണ് ഇത്തവണത്തെ മഴയാത്ര തുടങ്ങുന്നത്. ബാഗും കുടയുമെല്ലാം മഴയ യാത്രയില്‍ പങ്കെടുത്തുന്നവര്‍ക്ക് ലഭിക്കും. എ.സി വാഹനത്തിലുള്ള മഴയാത്രയ്ക്ക് 1500 രൂപയാണ് നിരക്ക്.

അതിരപ്പിള്ളി, ഷോളയാര്‍ വനമേഖലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളെ കോര്‍ത്തിണക്കിയാണ് മഴയാത്ര ഒരുക്കിയിരുന്നത്. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി, വാഴച്ചാല്‍, ആനക്കയം, ചാര്‍പ്പ വെള്ളച്ചാട്ടങ്ങളും ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകളും യാത്രയില്‍ കാണാനാകും.

രാവിലെ എട്ടുമണിക്ക് ചാലക്കുടി പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ നിന്നും ആരംഭിച്ച് വൈകിട്ട് ആറ് മുപ്പതിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. പാതയില്‍ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, കരിപ്പെട്ടി കാപ്പി, കപ്പ പുഴുങ്ങിയത്, മുളക് ചമ്മന്തി, മഴ ആസ്വദിക്കാന്‍ ഉള്ള മറ്റു സൗകര്യങ്ങള്‍, ഗൈഡ് സേവനം എന്നിവയെല്ലാമുണ്ട്.

വിശദവിവരങ്ങള്‍ക്ക്: 0480 279888,

Summary: monsoon-tourism-connecting Athirappally Vazhachal-falls