ദുരിതപെയ്ത്ത് തുടരുന്നു; കണ്ണീരുതോരാതെ കര്‍ഷകര്‍; പേരാമ്പ്ര ബ്ലോക്കില്‍ കര്‍ഷര്‍ക്ക് നഷ്ടം 111.47 ലക്ഷം


 

പേരാമ്പ്ര: കഴിഞ്ഞ രണ്ടാഴ്ച്ചയായി തുടരുന്ന കനത്ത മഴ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ പെട്ട പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. വിവിധയിടങ്ങളിലായി 478 കര്‍ഷകരുടെ 11.44 ഹെക്ടര്‍ കൃഷിയിടങ്ങള്‍ നശിച്ചു. ഏതാണ്ട് 111.47 ലക്ഷത്തിന്റെ നഷ്ടമാണ് ഈ ഇനത്തില്‍ മാത്രം കണക്കാക്കിയിരിക്കുന്നത്. അതിനു പുറമെ നിരവധി വീടുകളും നശിക്കുകയുണ്ടായി. കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറുകയും തുടര്‍ന്ന് പലരെയും മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. മഴ വീണ്ടും തുടരുന്ന സാഹചര്യത്തില്‍ ഇനിയും നഷ്ടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെുന്നത്.

ജില്ലയില്‍ മുഴുവന്‍ വിവിധ ഭാഗങ്ങളിലായി ഏഴു കോടിയോളം രൂപയുടെ കൃഷിനാശമുണ്ടായതിന് പുറമെ 80 വീടുകള്‍ തകര്‍ന്നു. നാശം സംഭവിച്ച വീടുകളില്‍ 12 എണ്ണം ഒട്ടും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇരുനൂറോളം വീടുകളിലാണ് വെള്ളം കയറിയത്.

റവന്യൂവകുപ്പിന്റെ കണക്കുകള്‍ പ്രകാരം വടകര താലൂക്കിലാണ് കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. സമീപത്തെ മരങ്ങള്‍ കടപുഴകിയാണ് മിക്ക വീടുകള്‍ക്കും നാശം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും കേടുപാടുണ്ട്. മണ്ണിടിച്ചിലടക്കം ഭീഷണി മുന്‍നിര്‍ത്തി പലഭാഗത്തും കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചതാണ് ആശ്വാസമായത്.

കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം ജൂലൈ ഒന്നുമുതല്‍ 12വരെ 6,97,45,000 രൂപയുടെ കൃഷിനാശമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 4526 കര്‍ഷകരുടെ 220.48 ഹെക്ടറിലെ കൃഷി മഴയില്‍ നശിച്ചു. പലഭാഗത്തും കണക്കെടുപ്പ് തുടരുന്നതിനാല്‍ നഷ്ടം പത്തു കോടിയോളവും നഷ്ടം നേരിട്ട കര്‍ഷകരുടെ എണ്ണം അയ്യായിരവും കവിയുമെന്നാണ് സൂചന. ചെറിയ കൃഷിനാശം കര്‍ഷകര്‍ കൃഷി ഓഫിസുകളില്‍ അറിയിച്ചിട്ടുമില്ല.

മാവൂരിലെയും സമീപ പ്രദേശങ്ങളിലെയും വാഴക്കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം. 62.30 ഹെക്ടറിലെ 78,185 കുലച്ച വാഴ നശിച്ച ഇനത്തില്‍ മാത്രം 4,69,11,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.

കുല വരാത്ത 28.37 ഹെക്ടറിലെ 21,508 വാഴകളും വെള്ളം കയറി നശിച്ചു. 86.03 ലക്ഷമാണ് ഈ ഇനത്തിലെ നഷ്ടം. ഒരു കോടിയിലധികം രൂപയുടെ നാളികേര കൃഷിയും നശിച്ചവയില്‍പെടും. അടക്ക, കുരുമുളക്, റബര്‍ എന്നീ വിളകള്‍ക്കും വ്യാപകനാശമുണ്ടായി. മൂന്ന് ലക്ഷത്തോളം രൂപയുടെ പച്ചക്കറികൃഷിയും നശിച്ചു. 6.100 ഹെക്ടറിലെ നെല്‍കൃഷി നശിച്ച് 50 കര്‍ഷകര്‍ക്ക് 9.15 ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായി.

ജില്ലയിലെ പുഴകള്‍ മിക്കതും കവിഞ്ഞനിലയിലാണ്. അതിശക്തമായ തിരമാലയടിക്കുന്നതിനാല്‍ കടലോരവാസികളുടെ ആശങ്കയും ഒഴിഞ്ഞിട്ടില്ല. ജാഗ്രതയുടെ ഭാഗമായി ജലാശയങ്ങളിലിറങ്ങുന്നതിന് ജില്ല ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

summery: mansoon report perambra- kozhikode disrict