മഴയ്ക്ക് അകമ്പടിയായി രോഗങ്ങളുമിങ്ങെത്തി, ഭയം കാരണം കുട്ടികളെ സ്കൂളില്‍ വിടാന്‍ ആശങ്കയുണ്ടോ? ഇതാ ചില മുന്‍കരുതലുകള്‍


ഴക്കാലം കനക്കുന്നതോടെ വരിവരിയായി കടന്നുവരുന്ന രോഗങ്ങൾ നമ്മുടെ പേടിസ്വപ്നമാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പകരുന്ന പകർച്ചവ്യാധികൾ കാരണം കുട്ടികളെ വിശ്വസിച്ച് സ്കൂളിലയക്കാൻ പോലും പല രക്ഷിതാക്കളും ഭയക്കുന്നു. ജോലിക്കായി പുറത്ത് പോവുന്ന മുതിർന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. വെറുതേ വീട്ടിലിരുന്നാലും കൊതുകും ഈച്ചയും എലിയുമെല്ലാം രോഗവാഹികളായി കടന്ന് വരും. ഓരോ മഴക്കാലത്തും പുതിയ പുതിയ പേരുകളിൽ വ്യത്യസ്ത ലക്ഷണങ്ങളോടെ നിരവധി രോഗങ്ങളാണ് പുതുതായി ഉണ്ടാകുന്നത്. ലക്ഷണങ്ങൾ നോക്കി രോഗമെന്താണെന്ന് മനസിലാക്കാൻ എളുപ്പത്തിലൊന്നും സാധിക്കില്ല.

ഈർപ്പം തങ്ങി നിൽക്കുന്ന അന്തരീക്ഷത്തിൽ ഉണ്ടായേക്കാവുന്ന മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ നാം പരമാവധി ജാഗരൂകരാകേണ്ടതുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ്, വയറിളക്കം, കോളറ എന്നിവ ജലത്തിലൂടെ പകരുന്നവയാണ്. എലിപ്പനി, ചിക്കന്‍പോക്സ്, വൈറല്‍ ഫീവര്‍, ഡെങ്കുപ്പനി, സ്ക്രബ് ടൈഫസ്(ചെള്ളുപനി), ചെങ്കണ്ണ്, എച്ച്എഫ്എംഡി(തക്കാളിപ്പനി), ചിക്കുന്‍ഗുനിയ എന്നിവ ജീവികൾ പ്രത്യേകിച്ച് സൂക്ഷ്മ ജീവികൾ വഴി മനുഷ്യനിലേക്ക് എത്തുന്നവയാണ്. സമീപകാലത്തായി നിരവധി ന്യൂ ജെൻ അസുഖങ്ങളും ഇവയോടൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ട്.

അന്തരീക്ഷത്തിലെ ഉയര്‍ന്ന ഹുമിഡിറ്റി, രോഗാണുക്കളുടെ കൂടുതലായുള്ള പ്രജനന ശേഷി, വെള്ളക്കെട്ട്, ശുദ്ധജലത്തിന്റെ അഭാവം, ശുചിത്വക്കുറവ് എന്നീ ഘടകങ്ങളെല്ലാം ഈ കാലയളവിൽ രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നു. പനി, ചുമ, ജലദോഷം, ദേഹത്ത് പൊട്ടുകള്‍, വയറിളക്കം, ഛര്‍ദ്ദി, കുമിളകള്‍, കണ്ണിന് ചുവപ്പ്, ശരീര വേദന തുടങ്ങിയവയെല്ലാം ഇത്തരം മഴക്കാല രോഗങ്ങൾക്ക് അകമ്പടിയായി ഉണ്ടാവാറുണ്ട്. എന്നാൽ മുഖത്ത് വീക്കം, കണ്ണിന് മഞ്ഞ നിറം, കാലിന് നീര്, ദേഹത്ത് തടിപ്പ്, മൂത്രക്കുറവ്, വിട്ടുമാറാത്ത പനി. പത്ത്, പന്ത്രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ വയറിളക്കം, നിര്‍ജ്ജലീകരണം തുടങ്ങിയ ലക്ഷണങ്ങളെ വളരെ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്.

ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സ്വയ ചികിത്സക്ക് കാത്തിരിക്കാതെ ഡോക്ടറെ കണ്ട് ഉടൻ തന്നെ അടിയന്തര ചികിത്സയെടുക്കേണ്ടത് അനിവാര്യമാണ്. പകർച്ചവ്യാധികൾ സ്ഥിരീകരിക്കുന്നത് പ്രധാനമായും രക്ത പരിശോധനയിലൂടെയാണ് എലിപ്പനി, ഡെങ്കുപ്പനി തുടങ്ങിയവയ്ക്ക് പ്രത്യേക പരിശോധനകളുണ്ട്. വയറിളക്കമുണ്ടെങ്കില്‍ മലപരിശോധന നടത്തം ചെയ്യണം. കരളിന്റെ, വൃക്കയുടെ പ്രവര്‍ത്തനങ്ങളും ഈ സമയത്ത് പരിശോധനക്ക് വിധേയമാക്കാറുണ്ട്. പരിശോധനകൾക്കാവശ്യമായ റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകളും ഇപ്പോൾ ലഭ്യമാണ്.

വൃത്തിയുള്ള ആഹാരം ശീലമാക്കുക. ഭക്ഷണം തണുക്കാൻ അനുവദിക്കാതെ ചൂടോടെ തന്നെ കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളക്കെട്ടില്‍ ഇറങ്ങേണ്ടി വരുന്നവര്‍ എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിന്‍ ഗുളിക 200 എംജി ആഴ്ചയില്‍ ഒരു തവണ കഴിക്കുക, കാലുറ, കയ്യുറ തുടങ്ങിയ പ്രതിരോധസാമഗ്രികളൾ ഉപയോഗിക്കുക, വീട്ടിലും ജോലിസ്ഥലങ്ങളിലും ജലസ്രോതസ്സുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ നടത്തുക എന്നീ മാർഗങ്ങളിലൂടെയും മുൻകരുതലുകളിലൂടെയും ജീവഭയം സൃഷ്ടിക്കുന്ന പകർച്ചവ്യാധികളെ നമുക്ക് ഒരു പരിധി വരെ തടയാനാകും.