കുരങ്ങും കാട്ടുപന്നിയും കൃഷികള്‍ നശിപ്പിക്കുന്നു; വിലങ്ങാട് വന്യമൃഗശല്യത്തിൽ വലഞ്ഞ് കർഷകർ
നാദാപുരം: ഉരുള്‍പൊട്ടലില്‍ നാശം വിതച്ച വിലങ്ങാട് വന്യമൃഗശല്യത്തില്‍ വലഞ്ഞ് കര്‍ഷകര്‍. വലിയ പാനോം, കൂത്താടി, ആനക്കുഴി, വായാട് ഭാഗങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്. ഉരുള്‍പൊട്ടലിന് ശേഷം ഈ മേഖകളില്‍ നിന്നും ജനങ്ങള്‍ മാറി നില്‍ക്കാന്‍ തുടങ്ങിയതോടെയാണ് വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്കിറങ്ങാന്‍ തുടങ്ങിയത്. കാട്ടുപന്നികളും കുരങ്ങുകളുമാണ് പ്രധാനമായും കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത്.
തെങ്ങുകളിൽ കയറി ഇളനീർ കുടിച്ച ശേഷം കുരങ്ങുകൾ ഉപേക്ഷിച്ച തൊണ്ടുകളുമായാണ് ഇന്നലെ വിലങ്ങാട് ദുരിത ബാധിതർ വില്ലേജ് ഓഫിസ് മാർച്ചും ധർണയും നടത്തിയത്. വിലങ്ങാട്ടെ സമരവേദിയിൽ ഈ ഇളനീർ തൊണ്ടുകൾ കൂട്ടിയിട്ടായിരുന്നു പ്രതിഷേധം. മൂന്ന് ഭാഗവും വനത്താൽ ചുറ്റപ്പെട്ട വിലങ്ങാട് മേഖലയിൽ ഏറെക്കാലമായി വന്യജീവി ശല്യം രൂക്ഷമാണ്. കാട്ടാനകൾ ഇടയ്ക്കിടെ കൃഷിയിടങ്ങളിലിറങ്ങി നാശമുണ്ടാക്കുന്നതും പതിവാണ്.
നാളികേരത്തിന് നല്ല വില ലഭിക്കുന്ന സമയത്ത് കുരങ്ങുകള്‍ നാളികേരവും ഇളനീരുമെല്ലാം നശിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്. കുരങ്ങുകള്‍ക്ക് പുറമെ പന്നിശല്യവും വിലങ്ങാട് രൂക്ഷമാണ്. പലയിടങ്ങളിലും തെങ്ങിന്‍ തൈകളും മറ്റും പന്നികള്‍ നശിപ്പിച്ചിട്ടുണ്ട്.
Description: Monkeys and wild boars destroy crops; Vilangad farmers are affected by wild animals