‘ബാറ്ററിയിലെ ജെല്‍ ഉയര്‍ന്ന ചൂടില്‍ ഗ്യാസായി പൊട്ടിത്തെറിക്കാം’; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
പേരാമ്പ്ര: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് തൃശ്ശൂരില്‍ എട്ടുവയസുകാരി മരിച്ചതിന്റെ ഞെട്ടലിലാണ് എല്ലാവരും. ശരീരത്തിലെ ഒരു അവയവത്തെപോലെ നമ്മളോട് എപ്പോഴും ചേര്‍ന്നിരിക്കുന്ന ഉപകരണമായതിനാല്‍ എങ്ങനെയാകാം ഇത്തരമൊരു അപകടം സംഭവിച്ചതെന്ന ആധി എല്ലാവരുടെ ഉള്ളിലുമുണ്ട്. ചാര്‍ജില്‍ ഇട്ട് ഉപയോഗിച്ചാല്‍ അപകട സാധ്യത കൂടുതലാണെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തൃശ്ശിലെ അപകടത്തില്‍ ഫോണ്‍ ചാര്‍ജിനിട്ടിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബാംഗങ്ങളും വ്യക്തമാക്കുന്നു.
മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യതകളാണ് പിന്നീടുള്ളത്. ബാറ്ററി പൊട്ടിത്തെറിച്ച് ഇത്രയും മാരകമായ അപകടം സംഭവിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ വിദഗ്ധര്‍ക്കും കഴിയുന്നില്ല. തിരുവില്വാലമയില്‍ പൊട്ടിത്തെറിയുടെ വലിയ ശബ്ദം സമീപവാസികള്‍ കേട്ടെങ്കിലും ഫോണിന് അതിനനുസരിച്ചുള്ള കേടുപാടുകളൊന്നും പറ്റിയിട്ടുമില്ല. മൊബൈലിന്റെ ബാറ്ററിക്കകത്തെ ജെല്‍ രൂപത്തിലുള്ള ഭാഗങ്ങള്‍ ഉയര്‍ന്ന ചൂടില്‍ ഗ്യാസ് ആയി മാറി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കാനുള്ള സാധ്യതയാണു ചൂണ്ടിക്കാട്ടുന്നത്. ഈ പൊട്ടിത്തെറിയില്‍ പുറത്തേക്ക് തെറിക്കുന്ന ബാറ്ററിക്കകത്തെ ഭാഗങ്ങള്‍ ക്ഷതമേല്‍പ്പിക്കാനും സാധ്യതയുണ്ട്.
ഇവിടെ, മൊബൈലിന്റെ ഡിസ്‌പ്ലേ വഴിയാകാം ബാറ്ററിക്കകത്തെ ഭാഗങ്ങള്‍ തെറിച്ചിരിക്കുക എന്നാണ് അനുമാനം. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം എന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബാറ്ററിക്കകത്തെ ഭാഗങ്ങള്‍ തലച്ചോറില്‍ ക്ഷതമേല്‍പ്പിച്ചിരിക്കാം. മൊബൈല്‍ ചാര്‍ജ് ചെയ്യുകയായിരുന്നില്ല എന്ന് വീട്ടുകാര്‍ പറയുന്നു.
കിടക്കയ്ക്കടുത്ത് ചാര്‍ജിങ് പോയിന്റുമില്ല. ബാറ്ററിക്കകത്തെ ജെല്‍ ചൂടാകുമ്പോഴാണ് ഗ്യാസ് രൂപത്തിലാകുന്നതെങ്കിലും ചൂട് മൊബൈലില്‍ അനുഭവപ്പെടുകയില്ല. അതുകൊണ്ടായിരിക്കാം കുട്ടി ഫോണ്‍ കയ്യില്‍ തന്നെ പിടിച്ചിരുന്നത്.
ഫോണ്‍ ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം:
* നിലവാരമുള്ള ഫോണുകള്‍ മാത്രം ഉപയോഗിക്കുക. ബാറ്ററികള്‍ മാറുമ്പോഴും നല്ല ബ്രാന്‍ഡുകളുടേത് എന്നുറപ്പിക്കുക.
*ചാര്‍ജര്‍ വാങ്ങുമ്പോഴും സുരക്ഷയ്ക്കു മുന്‍ഗണന കൊടുക്കുക.
* ചാര്‍ജ് ചെയ്തുകൊണ്ട് ഫോണ്‍ ഉപയോഗിക്കാതിരിക്കുക
* ഫോണ്‍ ചൂടായിക്കഴിഞ്ഞാല്‍ ഉപയോഗിക്കാതിരിക്കുക. കുറച്ചുനേരത്തെ ഉപയോഗംതന്നെ പെട്ടെന്നു ചൂടാകുന്നുണ്ടെങ്കില്‍ ഫോണ്‍ സുരക്ഷിതമല്ല എന്നു തിരിച്ചറിയുക.
*തുടര്‍ച്ചയായി ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുന്നതു ഒഴിവാക്കുക. മൊബൈല്‍ ചൂടായിട്ടില്ലെങ്കിലും ബാറ്ററി ചൂടായിരിക്കാന്‍ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുക.