കുറഞ്ഞ ചെലവിലുള്ള ഫോൺ വിളിക്ക് ​ഗുഡ് ബെെ; നിരക്ക് കൂട്ടി ജിയോ, വർദ്ധനവിനൊരുങ്ങി എയര്‍ടെലും വോഡഫോണും


ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര മൊബൈല്‍ നെറ്റ്‌വര്‍ക്ക് ധാതാക്കളായ റിലയന്‍സ് ജിയോ മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. 12.5% മുതൽ 25% വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്. ജൂലായ് മൂന്നാം തീയതി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. എയർടെലും വോഡഫോൺ–ഐഡിയയും ഉടനെ നിരക്കുവർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

ഡാറ്റ പ്ലാൻ, ഫോണ്‍കോള്‍ പ്ലാൻ, കോംബോ പ്ലാൻ എന്നിവയുടെ നിരക്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുമെന്ന് ഈ വര്‍ഷം ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിലയൻസ് ജിയോയുടെ 1,559 രൂപയുടെ (24 ജിബി) വാർഷിക പ്ലാൻ ഇനി മുതൽ 1,899 രൂപയായിരിക്കും (വർധന: 340 രൂപ). പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാൻ 3,599 രൂപയായി (വർധന: 600 രൂപ).

നിരക്ക് വര്‍ധന നിലവില്‍ വരുന്നതോടെ 1 ജി.ബി ഡാറ്റയ്ക്ക് 15 രൂപ യെന്ന ആഡ് ഓണ്‍ പാക്കിന് ഇനി 19 രൂപ നല്‍കേണ്ടി വരും. 75 ജി.ബിയുടെ പോസ്റ്റ്പെയ്ഡ് ഡാറ്റ പ്ലാനിന് 399 രൂപയില്‍ നിന്നും 449 രൂപയാക്കിയും വര്‍ധിപ്പിച്ചു. അതേസമയം രണ്ട് ജിബിക്ക് മുകളിലുള്ള പ്രതിദിന ഡാറ്റ പ്ലാനുകളില്‍ 5ജി സേവനങ്ങള്‍ അണ്‍ലിമിറ്റ്ഡ് ആയിരിക്കും.

നിലവില്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ഇപ്പോള്‍ ഈടാക്കുന്ന നിരക്ക് ഭീമമായ നഷ്ടം വരുത്തുന്നുവെന്നാണ് കമ്പനികള്‍ റേറ്റ് കൂട്ടുന്നതിന് മുന്നോടിയായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നത്.