ആവളയില്‍ സ്‌കൂള്‍ ബസ്സ് അപകടത്തില്‍പ്പെട്ട സംഭവം; പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളെ എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു


പേരാമ്പ്ര: ആവളയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. കല്ലോട് പേരാമ്പ്ര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെത്തിയ എം.എല്‍.എ അപകടത്തില്‍ പരിക്കുപറ്റിയ വിദ്യാര്‍ത്ഥികളുമായി സംസാരിച്ച ശേഷം അവരുടെ ആരോഗ്യ സ്ഥിതികളെക്കുറിച്ച് ഡോക്ടര്‍മാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ഇന്ന് രാവിലെയോടെയാണ് ചെറുവണ്ണൂര്‍ ആവള കുട്ടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ബസ് അപകടത്തില്‍പ്പെടത്. അപകടത്തില്‍ പന്ത്രണ്ടോളം വിദ്യാര്‍ത്ഥികള്‍ക്കും ബസ് ഡ്രൈവര്‍ക്കുമാണ് പരിക്കുപറ്റിയത്.

നിയന്ത്രണം വിട്ട ബസ് സമീപത്തെ പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരായ സി.കെ വിനോദ്, ഡോ.സിന്ധു എന്നിവരില്‍ നിന്നാണ് എം.എല്‍.എ വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.