തുടര്‍ച്ചയായി അപകടങ്ങള്‍; പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനത്തിന് മുമ്പ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും, ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ


പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ റോഡ് ഉദ്ഘാടനത്തിന് മുമ്പ് സുരക്ഷാ സംവിധാനം ഉറപ്പുവരുത്തുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുന്നതിനായി യോഗം ചേരുമെന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ഏപ്രില്‍ 13ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എം.എല്‍.എ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

റോഡ് ഉദ്ഘാടനത്തിനു മുന്നേ തന്നെ ബൈപ്പാസ് ജംഗ്ഷനുകളില്‍ അപകടങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ അധികൃതരുടെ ഇടപെടല്‍ വേണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയിലും ശക്തമാവുന്നുണ്ട്. ഉദ്ഘാടനം കാത്തിരിക്കുന്ന ബൈപ്പാസ് നാട്ടുകാരുടെ പ്രതീക്ഷയും ഏറെ കാലത്തെ സ്വപ്നവുമാണ്. അതിനാല്‍ തന്നെ അപകടങ്ങള്‍ ഒഴിവാക്കി ഈ പാതയിലൂടെ സഞ്ചാരം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇന്നും ഇന്നലെയുമായി പൈതോത്ത് റോഡ് ജംഗ്ഷനിലും ഇം.എം.എസ് ഹോസ്പിറ്റല്‍ ജംഗ്ഷനിലുമായി രണ്ട് അപകടങ്ങളാണ് തുടര്‍ച്ചയായി ഉണ്ടായിരിക്കുന്നത്.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് പൈതോത്ത് റോഡ് ജംഗ്ഷനില്‍ അപകടം നടന്നത്. പൈതോത്ത് ഭാഗത്തു നിന്നും വരികയായിരുന്ന സ്‌കൂട്ടറും ഇ.എം.എസ് ഹോസ്പിറ്റലിനു സമീപത്തു നിന്നും വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. പൈതോത്ത് സ്വദേശിയായ നിത്യ, ബാലുശ്ശേരി നന്മണ്ട സ്വദേശിയായ ഗംഗ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കാറില്‍ ഒരു കുഞ്ഞടക്കം നാലുപേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് എല്ലിന് പരിക്കേറ്റ നിത്യയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗംഗയ്ക്ക് മുക്കിനാണ് പരിക്കേറ്റത്. ഇന്നലെ ഇം.എം.എസ് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നടന്ന അപകടത്തിലും വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഇതിനു മുമ്പും ഇവിടങ്ങളില്‍ വലുതും ചെറുതുമായ അപകടങ്ങള്‍ ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. ചെമ്പ്ര റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അമിത വേഗതയിലും പുതിയ ബൈപ്പാസ് റോഡ് വഴി കടന്നു പോവുന്ന വാഹനങ്ങല്‍ സ്ലോ ഡൌണ്‍ ചെയ്യാതെ പോകുന്നതും അപകടത്തിന് കാരണമാകുന്നു. അപകടം ഒഴിവാക്കാനും തടയാനുമായി ഉദ്ഘാടനത്തിന് മുന്‍പ് ശാസ്ത്രീയമായ രീതിയില്‍ അപകട സാധ്യതയുള്ളയിടങ്ങളില്‍ അധികൃതരുടെ നേതൃത്വത്തില്‍ സിഗ്‌നല്‍ ലൈറ്റോ, ഹംപോ, വാഹനങ്ങള്‍ സ്ലോ ഡൌണ്‍ ചെയ്യാനുള്ള മാര്‍ഗങ്ങളോ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ അഭിപ്രായപ്പെടു.

അതേസമയം റോഡ് ഉദ്ഘാടനത്തിനു മുന്നേ ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ എല്ലാം ഒരുക്കുമെന്നും ഉദ്ഘാടനത്തിനു മുന്‍പ് പുതിയ പൈപ്പാസിലൂടെ വാഹനങ്ങള്‍ കടത്തി വിടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

summary: MLA TP Ramakrishnan said that security systems will be prepared before the inauguration of Perampra Bypass and a meeting of officials will be called for this purpose.