ഇഎംഎസ് ഇല്ലാത്ത കേരളത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കാല്‍ നൂറ്റാണ്ട്; സഖാവിനെ അനുസ്മരിച്ച് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ


കേരളത്തില്‍ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അതോടൊപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് അടിത്തറയിട്ട വ്യക്തിത്വവുമായ സഖാവ് ഇ.എം.എസിന്റെ വിയോഗത്തിന് കാല്‍നൂറ്റാണ്ട്. കേരളത്തിന്റെ പൊതുമണ്ഡലവുമായി ബന്ധപ്പെട്ട ചരിത്രപരമായ ഏതൊരു വ്യവഹാരത്തിലും ഒരിക്കലും മറക്കാനോ മറയ്ക്കാനോ കഴിയാത്ത ഈടുവെപ്പാണ് ഇ.എം.എസിന്റെ സംഭാവനകള്‍. അത്രയും വൈവിധ്യപൂര്‍ണവും ബൃഹത്തുമായ സംഭാവനകള്‍ നല്‍കിയ മറ്റൊരാളുമില്ലെന്ന് പറയുന്നത് അതിശയോക്തിയുമല്ല.

ഇം.എം.എസിന്റെ 25ാം ചരമവാര്‍ഷിക ദിനമായ മാര്‍ച്ച് 19ന് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ അനുസ്മരിച്ചുകൊണ്ട് എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ച വാക്കുകള്‍.

ഇഎംഎസ് ഇല്ലാത്ത കേരളത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇന്ന് കാല്‍ നൂറ്റാണ്ടു തികയുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തിന്റെ യുഗപുരുഷനെന്നും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവെന്നും വിലയിരുത്തിയ ഇഎംഎസിന്റെ സ്മരണ മായുന്നതോ മറയുന്നതോ അല്ല. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാദിവസവും ഈ ഓര്‍മ നാട്ടില്‍ അലയടിക്കുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തെ പുരോഗമനപരമായി വഴിതിരിച്ചുവിടുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായി പ്രാധാന്യമുള്ളതാണ്.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി 13 വര്‍ഷം പ്രവര്‍ത്തിച്ചു. കേരളത്തെ മതനിരപേക്ഷതയിലും സമത്വരാഷ്ട്രീയ ചിന്തയിലും ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ സഖാവിന്റെ നേതൃത്വവും പ്രവര്‍ത്തനവും ഇടപെടലും പ്രധാനമാണ്. വര്‍ഗീയ ഫാസിസ്റ്റ് ചിന്താഗതിയുടെ ഗര്‍ത്തത്തില്‍ കേരളീയര്‍ പൊതുവില്‍ വീഴാത്തതില്‍ സഖാവ് നടത്തിയ പ്രത്യയശാസ്ത്ര സമരം വലിയ സംഭാവന നല്‍കി. ഇന്ത്യയിലെ ചൂഷണ വ്യവസ്ഥയ്ക്ക് ഉള്ളില്‍ നിന്ന് കൊണ്ട് സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്ന ബദല്‍ നയങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് ഈ എം എസ് നേരിട്ട് നേതൃത്വം നല്‍കി.

ഭൂപരിഷ്‌കരണം വിദ്യാഭ്യാസ ജനാധിപത്യവല്‍ക്കരണം അധികാര വികേന്ദ്രീകരണം സംമ്പൂര്‍ണ സാക്ഷരത സാര്‍വ്വത്രിക സാമൂഹ്യ സുരക്ഷ ജനകീയാസൂത്രണം തുടങ്ങിയ ഒട്ടനവധി ഉദാഹരണങ്ങള്‍ ഉണ്ട്. സൈദ്ധാന്തികമേഖലയില്‍ കാള്‍മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, മാവോ, ഹോച്ചിമിന്‍, അന്റോണിയോ ഗ്രാംഷി തുടങ്ങിയവരുടെ നിരയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രതിഭാശാലിയായ വിപ്ലവകാരിയാണ് സഖാവ് ഇ എം എസ്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് സഖാവ് ഇഎംഎസിന്റെ സ്മരണ നമുക്ക് കരുത്തേകും.