‘ഒപ്പമുണ്ട്, കംബോഡിയയിൽ തൊഴിൽത്തട്ടിപ്പിനിരയായവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യും’; വടകര സ്വദേശികളെ സന്ദര്‍ശിച്ച് എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി
വടകര: കംബോഡിയയില്‍ തൊഴില്‍ തട്ടിപ്പിനിരയായി കുടുങ്ങി നാട്ടില്‍ തിരിച്ചെത്തിയ വടകര സ്വദേശികളായ യുവാക്കളെ കുറ്റ്യാടി എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി സന്ദര്‍ശിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ മന്തരത്തൂർ ചാത്തോത്ത് സുരേഷിന്റെ വീട്ടിൽ എത്തിയ യുവാക്കളെ എം.എല്‍.എയും സി.പി.ഐ.എം വടകര ഏരിയ സെക്രട്ടറി ടി.പി ഗോപാലൻ മാസ്റ്ററും പഞ്ചായത്ത് പ്രസിഡൻ്റ ടി.കെ അഷറഫും ചേര്‍ന്ന് സ്വീകരിച്ചു. വലിയ പീഡനമാണ് യുവാക്കള്‍ അനുഭവിവിച്ചതെന്നും, അവർക്ക് ആവശ്യമായ, സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ ഒപ്പമുണ്ടാകുമെന്ന് എം.എല്‍.എ പറഞ്ഞു.
ഞായറാഴ്ച രാത്രി 11.30ന് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ഇവർ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി തൊഴിൽ തട്ടിപ്പ് സംബന്ധിച്ച് വിശദമായ മൊഴി നൽകിയ ശേഷമാണ് നാട്ടിലേക്ക് തിരിച്ചത്. ഒക്ടോബർ 4നാണ് സുഹൃത്ത് മുഖേന യുവാക്കൾ കംബോഡിയയിൽ എത്തിയത്. തായ്‌ലൻഡിലെ ജോലി വാഗ്ദാനം വിശ്വസിച്ച് യുവാക്കൾ വിമാനം കയറുകയായിരുന്നു. എന്നാൽ കംബോഡിയയിലെ സൈബർ തട്ടിപ്പ് കേന്ദ്രത്തിലാണ് യുവാക്കളെ എത്തിച്ചത്.
തുടര്‍ന്ന് ഇവരോട് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും മറ്റുമാണ് കമ്പനി നിർദേശിച്ചത്. ഇതു നിരസിച്ചതോടെ യുവാക്കളെ തടവിലാക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇവിടെ നിന്നും മറ്റൊരു കമ്പനിയിലേക്കു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ടാക്സി ഡ്രൈവറുടെ സഹായത്തോടെ ഇവർ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സംഘം ഇന്ത്യന്‍ എംബസിയിലേക്ക് പോയതും നാട്ടിലേക്ക് വരാനുള്ള വഴി തെളിഞ്ഞതും.
Description: MLA KP Kunhimmed Master visited the youths who were trapped in Cambodia due to employment fraud and returned home