ആറ് ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാം; കായണ്ണയിലെ കുടിവെള്ള ക്ഷാമത്തിനായി ഭൂതല ജലസംഭരണി


കായണ്ണബസാർ: ജൽ ജീവൻ മിഷന്റെ ഭാഗമായി കായണ്ണയിൽ നിർമ്മിക്കുന്ന ജലസംഭരണിയുടെ പ്രവൃത്തി ഉദ്‌ഘാടനം കെ.എം സച്ചിൻ ദേവ് എ എൽ എ. നിർവഹിച്ചു. മൊട്ടന്തറയിൽ നിർമ്മിക്കുന്ന ആറ് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഭൂതല ജലസംഭരണി കായണ്ണ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജലം ലഭ്യമാക്കും. പെരുവണ്ണാമൂഴിയിൽ നിർമ്മിക്കുന്ന ജല ശുദ്ധീകരണ ശാലയിൽ നിന്നുമാണ് ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നത്.

കായണ്ണ പഞ്ചായത്തിൽ 3,426 വീടുകൾക്ക് കുടിവെളള കണക്ഷനുകൾ നൽകുന്നതിന് 38.31കോടി രൂപയുടെ ഭരണാനുമതിയും, 27.60 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭ്യമായിട്ടുണ്ട്. 89.934 കിലോമീറ്റർ ദൈർഘ്യമുള്ള ജലവിതരണ ശൃംഖലയാണ് പഞ്ചായത്തിലുടനീളം സ്ഥാപിക്കുന്നത്. കരികണ്ടൻ പാറയിൽ നിലവിലുള്ള ഭൂതലസംഭരണിയിലേക്ക് പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനും 35 എച്ച് .പി, 10 എച്ച്.പി ശേഷിയുള്ള പമ്പ്സെറ്റുകൾ സ്ഥാപിക്കുന്നതിനും, പൈപ്പ് ലൈൻ സ്ഥാപിച്ചതിന് ശേഷം റോഡുകൾ പുനരുദ്ധീകരിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.

പെരുവണ്ണാമുഴിയിൽ നിർമ്മിക്കുന്ന 100 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ നിന്നും 1219 മി.മീ മുതൽ 250 മി.മീ വരെ വ്യാസമുള്ള പ്രധാന ട്രാൻസ്മിഷൻ മെയിൻ 95 കിലോമീറ്റർ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഈ പ്രവൃത്തിയുടെ പൂർത്തീകരണത്തോടു കൂടി കായണ്ണ അടക്കമുള്ള 15 പഞ്ചായത്തുകളിലും ശുദ്ധജലം ലഭ്യമാക്കാൻ സാധിക്കും.

കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനിഷ കെ.വി സ്വാഗതം പറഞ്ഞു. വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അരുൺ കുമാർ എ. പദ്ധതിയുടെ റിപ്പോർട്ട് അവരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് ഷീബ, വാർഡ് മെമ്പർ ജയപ്രകാശ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിതേഷ് സി, എന്നിവർ പങ്കെടുത്തു.