ശൂന്യതയുടെ ഒരാണ്ട്; സഖാവ് ‘എംകെ’ തീച്ചൂളയില്‍ ഊതിക്കാച്ചിയ നൊച്ചാടിന്റെ വിപ്ലവ നക്ഷത്രം
നൊച്ചാടിന്റെ വിപ്ലവ നക്ഷത്രം എം.കെ ചെക്കോട്ടി വിടവാങ്ങിയിട്ട് ഒരുവര്‍ഷം തികയുകയാണ്. നൊച്ചാടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിത്വമാണ് എം.കെ. പതിനൊന്നാം വയസ്സില്‍ കുടുംബ പ്രാരാബ്ധങ്ങളെ തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്ന അദ്ദേഹം കടന്നു പോയത് സമരങ്ങളുടെയും പേരാട്ടങ്ങളുടെയും പാതയിലൂടെയാണ്. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ ഉറച്ച സ്വരത്തില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. നിരവധി സമരങ്ങള്‍ക്കും മറ്റും ചുക്കാന്‍ പിടിച്ച എം.കെ അധികാരം കൊണ്ട് ആരുമാകാന്‍ ശ്രമിച്ചിരുന്നില്ല.
കൊല്ലവര്‍ഷം 1101 ല്‍ പടിഞ്ഞാറെ കൊളപ്പോട്ടില്‍ ചാത്തന്റേയും കുട്ട്യാച്ചയുടേയും മകനായാണ് ജനനം. വെളളിയൂര്‍ ഹിന്ദു ബോയ്സ് എലമെന്ററി സ്‌കൂളില്‍ അഞ്ചാം തരം വരെ പഠിച്ചു. പതിനൊന്നാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ടതോടെ ജീവിത പ്രാരാബ്ധങ്ങള്‍ക്ക് പരിഹാരം കാണാനായി വിഷചികിത്സ പഠിക്കാനായി കോട്ടൂരിലെ ചെക്കിണി നമ്പ്യാരുടെ അടുക്കലെത്തി. എന്നാല്‍ ഏക സഹോദരന്റെ അകാലവിയോഗത്തോടെ കുടുംബം പോറ്റാന്‍ മന്ത്രവാദിയായും അദ്ദേഹത്തിന് വേഷം കെട്ടേണ്ടിവന്നു.
കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായാണ് രാഷ്ട്രീയ പ്രവേശമെങ്കിലും വി.വി ഗിരിയുടെ പേരാമ്പ്ര സന്ദര്‍ശനത്തോടെ രാഷ്ട്രീയത്തില്‍ താല്‍പര്യം കൂടിയ എം.കെ ചെക്കോട്ടിയുടെ നേതൃത്വത്തില്‍ അഞ്ചു പേര്‍ ചേര്‍ന്ന് 1948 നവംബറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു അനുഭാവി ഗ്രൂപ്പ് രൂപീകരിച്ചു. പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്ന സമയമായതിനാല്‍ അതീവ രഹസ്യമായാണ് ഇവര്‍ യോഗം ചേര്‍ന്ന് മുന്നോട്ടുള്ള പരിപാടികള്‍ക്ക് രൂപം നല്‍കിയിരുന്നത്.
പോലീസ് സ്റ്റേഷന്‍ അക്രമിച്ച് വിപ്ലവത്തിന് തയ്യാറെടുക്കുക എന്ന അഭിപ്രായം ഉണ്ടായിരുന്നു. അതിനിടയിലാണ് വടകരയില്‍ നിന്നും പുറപ്പെട്ട കിസാന്‍ സംഘത്തിന്റെ ജാഥയ്ക്ക് സ്വീകരണമൊരുക്കാന്‍ നിര്‍ദ്ദേശം കിട്ടിയത്. അങ്ങനെ കുന്നുമ്മല്‍ പറമ്പില്‍ വെച്ച് സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു. ജാഥാ അംഗങ്ങള്‍ ഭക്ഷണം കഴിച്ച് പിരിഞ്ഞയുടനെ പോലീസെത്തി വീട്ടുകാരെ ക്രൂരമായി മര്‍ദ്ദിച്ചു. പ്രവര്‍ത്തകരെ പിടികൂടാന്‍ നാനാഭാഗത്തേക്കും പോലീസ് പാഞ്ഞു. കാടു കയറിയാണ് അന്ന് എം.കെ രക്ഷപ്പെട്ടത്.
പിന്നീട് നിരന്തര സമര പോരാട്ടങ്ങളുടെ നാളുകളായിരുന്നു എം.കെയ്ക്ക്. ഇതിനിടയില്‍ 1950 ല്‍ മേപ്പയ്യൂരിലെ നാഗത്ത് കല്യാണിയെ ജീവിത സഖിയാക്കി. അറിയപ്പെടുന്ന ഗായികയായിരുന്ന അവര്‍ സഹധര്‍മിണിയും സഹപ്രവര്‍ത്തകയുമായി ഇന്നും പിന്തുടരുന്നു.
1951 ലാണ് എംകെയ്ക്ക് പാര്‍ട്ടി അംഗത്വം ലഭിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകനായും, കൊടിയ മര്‍ദ്ദക പശ്ചാത്തലത്തില്‍ ചിലപ്പോഴൊക്കെ ഒറ്റയാനായും സഖാവ് എംകെ പടക്കിറങ്ങി.
ഒഴിപ്പിക്കലിനെതിരെ ആദ്യ പോരാട്ടം നടുവണ്ണൂരിലെ ചെട്ടിയൂര്‍ കുഞ്ഞിരാമന്‍ നായര്‍ എന്ന ഭൂപ്രഭുവിനെതിരെയായിരുന്നു. തിരിച്ചു വരാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവോടെ വെറും പന്ത്രണ്ടു പേരില്‍ ഒരാളായി എം.കെ തന്നെവളഞ്ഞ ചെട്ടിയൂരിന്റെ ഗുണ്ടകളെ വെല്ലുവിളിച്ചു. ഒടുവില്‍ ഒഴിപ്പിക്കപ്പെട്ടയാളുടെ ഭയത്തിനു മുമ്പില്‍ കീഴടങ്ങി കുഞ്ഞിരാമന്‍ നായരുമായി ഒത്തുതീര്‍പ്പാക്കേണ്ടിവന്നെങ്കിലും ചെട്ടിയൂരിന് മറ്റൊരു സ്ഥലം വിട്ടു നല്‍കേണ്ടിവന്നു.
നിരന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ പലപ്പോഴും കള്ള കേസുകള്‍ക്കിരയായി. രണ്ടുതവണ കസ്റ്റഡിയില്‍ കഴിയേണ്ടിയും വന്നു. വെള്ളിയൂര്‍ പോസ്റ്റോഫീസ് കത്തിച്ചെന്നും കൊയ്യാറായ മകര നെല്ലിനു തീയിട്ടെന്നതുമൊക്കെ ഇതില്‍ ചിലത് മാത്രം.
കൊടുത്ത പാട്ടത്തിനു ചീട്ടു കൊടുക്കാതെ കുടിയാന്മാരെ നിരന്തരം ദ്രോഹിച്ചിരുന്ന സമ്പ്രദായത്തിനെതിരെ എം.കെയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നു. എ.കേളപ്പനും, ടി.സി.ചാത്തുമൊക്കെയായിരുന്നു നേതാക്കള്‍. മേപ്പയ്യൂരില്‍ നടന്ന ഒരു സംഘര്‍ഷത്തിനിടയില്‍ സബ് ഇന്‍സ്പക്ടറെ തൊഴിച്ചു വീഴ്ത്തിയ കീഴന ചാത്തുവിനേയും കുടുംബത്തേയും സംരക്ഷിക്കേണ്ട ചുമതല എം.കെക്കാണ് പാര്‍ട്ടി നല്‍കിയത്. അക്കാലത്ത് പോലീസിന് കിട്ടിയാല്‍ ചാത്തു കൊല്ലപ്പെടും, രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരും ലോകം കണ്ടെന്നുവരില്ല. മൂന്നു മാസക്കാലം സ്വജീവന്‍ പണയപ്പെടുത്തിയാണ് ഒളിവിടങ്ങള്‍ മാറ്റി മാറ്റിയാണ് എം.കെ ഇവരെ രക്ഷപ്പെടുത്തിയത്.
അയിത്തത്തിനെതിരെ എം.കെയുടേയും ടി.വി കേളപ്പന്‍ മാസ്റ്ററുടേയും നേതൃത്വത്തില്‍ അതി ശക്തമായ സമരം നടത്തിയിരുന്നു. ഹരിജന്‍ സഖാക്കളെ സംഘടിപ്പിച്ച് നായന്മാര്‍ക്കു മാത്രം കുളിക്കാന്‍ പാടുള്ള വാളൂര്‍ കുളത്തില്‍ കുളിച്ചത് ഏറെ ഒച്ചപ്പാടുണ്ടാക്കി വലിയ ലഹളയായി. സവര്‍ണ്ണര്‍ മരിച്ചാല്‍ കുഴി കൊത്തി കൊടുക്കാന്‍ താഴ്ന്ന ജാതിക്കാര്‍ തന്നെ വേണമെന്നതിനെയും എം.കെ എതിര്‍ത്തു. ഇനിമുതല്‍ ഉയര്‍ന്ന ജാതിക്കാര്‍ കൂടി ഇതില്‍ പങ്കെടുക്കണമെന്ന് പ്രഖ്യാപിച്ചു. ഉത്സവത്തിനായുള്ള ഇളനീര്‍ക്കുലമുറി പോലും അയിത്തക്കാര്‍ ചെയ്യണമെന്ന നിബന്ധനക്കെതിരെയും എംകെ വെല്ലുവിളിച്ചു.
നൊച്ചാടിന്റെ മണ്ണില്‍ വിഭാഗീയത അനുവദിക്കില്ലെന്ന് എം.കെ ഉറച്ച പ്രഖ്യാപനം നടത്തി. പുതിയ തലമുറ കേട്ടാല്‍ ചിരി വരുന്ന മീശ വെക്കാനുള്ള അവകാശ സമരത്തിനും എം.കെ നേതൃത്വം നല്‍കി. അതിനൊരുദാഹരണമാണ് നരയംകുളത്തെ ചെറുമങ്ങോട്ട് രാമന്‍ നായര്‍ എന്ന ഭൂപ്രമാണി രാമന്റെ ആശ്രിതനായ വരാളക്കണ്ടി കൃഷ്ണന്‍ നായര്‍ മീശ വെച്ചതിനെതിരെ കല്‍പിച്ചത്. കൃഷ്ണന്‍ നായരെ സഹായിക്കാനായി എം.കെ മുന്നിട്ടിറങ്ങി. രാമന്‍ നായരുടെ ഗുണ്ടാ പടയെ നേരിട്ട് കൃഷ്ണന്‍ നായരെ അദ്ദേഹം രക്ഷിച്ചു. നരയംകുളത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നത് തന്നെ ഇതിലൂടെയാണ്.
ഇത്തരത്തിലുള്ള സമരങ്ങളിലൂടെയാണ് നൊച്ചാടിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി രൂപപ്പെട്ടു വന്നത്. ഇന്നും നൊച്ചാടിന്റെ മണ്ണ് ചുവന്നിരിക്കുന്നതും അജയ്യമായിരിക്കുന്നതും ഇത്തരം ഇടപെടലുകള്‍ കൊണ്ടാണ്. ചാത്തുണ്ണി മാഷിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയെ സി.പി.എമ്മിന്റെ പെരുംകോട്ടയാക്കി സൂക്ഷിക്കുന്നതില്‍ എം.കെ നിര്‍ണ്ണായക പങ്കുവഹിച്ചു.
‘ക’ എന്ന് ഉച്ചരിക്കുന്നവനു പോലും ഭീകരമായ പോലീസ് മര്‍ദ്ദനത്തിനു വിധേയമാക്കിയിരുന്ന, കമ്യൂണിസ്റ്റു പാര്‍ട്ടിയെ നിരോധിച്ചിരുന്ന ഇരുണ്ട കാലത്ത് കേവലം ഇരുപതുകാരനായിരുന്ന കരുത്തും ചങ്കുറപ്പുമുള്ള എം.കെ എന്ന എം.കെ ചെക്കോട്ടി ഇന്ന് 98 ന്റെ നിറവിലും. അതേ ആവേശത്തോടെ മുന്‍ നിരയിലുണ്ടായിരുന്നു. പേരാമ്പ്രയിലും പരിസരത്തും പ്രത്യേകിച്ച് നൊച്ചാട് പഞ്ചായത്തില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ പ്രധാനപങ്കു വഹിച്ച വ്യക്തിത്വമാണ് എം.കെ.
അധികാരം കൊണ്ട് ആരുമാകാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. തുടക്കം മുതല്‍ നൊച്ചാട് പാര്‍ട്ടി സെല്‍ സെക്രട്ടറിയായും ലോക്കല്‍ കമ്മിറ്റി അംഗമായും ദീര്‍ഘകാലം ഏരിയാ കമ്മിറ്റി അംഗമായും എം.കെ പ്രവര്‍ത്തിച്ചു. നിരവധി സമരങ്ങളുടെ പൂമുഖത്ത് അമരക്കാരനായി നിറഞ്ഞു നിന്ന എം.കെയുടെ വിയോഗം തീരാ നഷ്ടമാണ്.
Summary: mk chekkotty death anniversary.