ഉള്ളിയേരിയില്‍ കാണാതായ പതിനാറുകാരിയെ കര്‍ണ്ണാടകയില്‍ നിന്ന് എലത്തൂരിലെത്തിച്ചു; കൊണ്ടുപോയ ആളും കസ്റ്റഡിയില്‍


എലത്തൂര്‍: ഉള്ളിയേരിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ കര്‍ണ്ണാടകയില്‍ നിന്ന് നാട്ടിലെത്തിച്ചു. ഓരോഞ്ചേരി കണ്ടി കൃഷ്ണന്‍കുട്ടിയുടെ മകള്‍ അഞ്ജന കൃഷ്ണയെയാണ് കര്‍ണ്ണാടകയിലെ ഛന്നപട്ടണത്തില്‍ നിന്ന് എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഇന്‍സ്‌പെക്ടര്‍ സായൂജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തി നാട്ടിലേക്ക് കൊണ്ടുവന്നത്.

എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കൽ പൂർണമായ ശേഷം മാത്രമേ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാവൂ. മൊഴിയെടുക്കല്‍, വൈദ്യപരിശോധന തുടങ്ങിയ നടപടിക്രമങ്ങള്‍ക്ക് ശേഷം കുട്ടിയെ കോടതിയില്‍ ഹാജരാക്കുമെന്ന് എലത്തൂര്‍ പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കുട്ടിയെ കര്‍ണ്ണാടകയിലെത്തിച്ച ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുറക്കാട്ടിരി സ്വദേശി അബ്ദുള്‍ നാസറാണ് കസ്റ്റഡിയിലുള്ളത്.

ബുധനാഴ്ച രാവിലെ മുതലാണ് അഞ്ജനയെ കാണാതായത്. നടക്കാവിലെ സ്‌കൂളിലേക്ക് ടി.സി വാങ്ങാനായി പോയതായിരുന്നു അഞ്ജന. വൈകിട്ട് ഒരു നമ്പറില്‍ നിന്ന് വീട്ടിലേക്ക് വിളിച്ച് ബസ് കിട്ടാത്തതിനാല്‍ വൈകുമെന്ന് കുട്ടി പറഞ്ഞിരുന്നു. പിന്നീട് ആ നമ്പര്‍ സ്വിച്ച്ഡ് ഓഫ് ആയി. പത്ത് മണി കഴിഞ്ഞിട്ടും കുട്ടി എത്താതിരുന്നതോടെയാണ് രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്.

രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് എലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ ബെംഗളൂരുവില്‍ കണ്ടെത്തിയത്.