കൊടിയത്തൂരില്‍ സ്‌കൂള്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ച സംഭവം: പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി


കോഴിക്കോട്: കൊടിയത്തൂരില്‍ സ്‌കൂള്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. കോഴിക്കോട് പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

അശ്രദ്ധമായി ബസോടിച്ച ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ കഴിഞ്ഞദിവസം സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. വിദ്യാര്‍ഥിയെ ഇടിച്ച ബസും അടുത്തുണ്ടായിരുന്ന ബസും തമ്മിലുള്ള അകലം, സി.സി.ടി.വി ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ചിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു.

കൊടിയത്തൂര്‍ പി.ടി.എം ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും പാഴൂര്‍ തമ്പലങ്ങാട്ട്കുഴി ബാവയുടെ മകനുമായ മുഹമ്മദ് ബാഹിഷ് (14) ആണ് ബസുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30ടെയായിരുന്നു സംഭവം. നിര്‍ത്തിയിട്ട രണ്ട് ബസുകളില്‍ ഒന്ന് മുന്നോട്ടെടുത്തപ്പോള്‍ പിന്‍ചക്രം കുഴിയില്‍ വീഴുകയും തൊട്ടടുത്തുണ്ടായിരുന്ന ബസില്‍തട്ടുകയും ചെയ്തു. ഇവക്കിടയില്‍ വിദ്യാര്‍ഥി കുടുങ്ങുകയുമായിരുന്നെന്നാണ് വിവരം.