കുറ്റ്യാടി വികസന പാതയിൽ; കുറ്റ്യാടി ബൈപ്പാസിൻ്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്


കുറ്റ്യാടി: കുറ്റ്യാടിയുടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്ന കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടന്നു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. നാദാപുരം കുറ്റ്യാടി നിയോജക മണ്ഡലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങാണ് സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ ഉദ്ഘാടന സമ്മാനമായി കുറ്റ്യാടി ടൗൺ ജംഗ്ഷൻ ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഇൻവെസ്റ്റിഗേഷന് ഏഴര ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ചടങ്ങിൽ മന്ത്രി അറിയിച്ചു. കുറ്റ്യാടി ജാനകിക്കാട്, പെരുവണ്ണാമൂഴി, കക്കയം, വയലട ടൂറിസം സർക്യൂട്ട് സാധ്യത പഠനത്തിന്ന് സർക്കാർ അനുമതി നൽകിയതായും പക്രം തളം ചുരം റോഡ് മലയോര ഹൈവേയിൽ ഉൾപ്പെടുത്തി 45 കോടി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിന് കുറ്റ്യാടി എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ആർ.ബി.ഡി.സി.കെ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ്, ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ ടി.എസ്.സിന്ധു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രി, കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ, ടി.കെ.മോഹൻദാസ് ഉൾപ്പെടെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി, വ്യാപാരി നേതാക്കൾ എന്നിവരും സംസാരിച്ചു. മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ളയെ ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പരിപാടി ബഹിഷ്കരിച്ചു.

Summary: On the Kuttyadi development path; Minister PA Muhammad Riaz inaugurated the work of Kuttyadi Bypass