കാലങ്ങളായുള്ള വൈദ്യുതി ക്ഷാമത്തിന് ഒടുവില്‍ പരിഹാരമാകുന്നു; മണിയൂരിൽ സബ്സ്റ്റേഷൻ നിർമ്മിക്കുന്നതിന് നടപടി ആരംഭിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി


വടകര: മണിയൂരിൽ സബ്സ്റ്റേഷൻ നിർമ്മിക്കുന്നതിന് നടപടി ആരംഭിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. സബ്സ്റ്റേഷൻ നിർമ്മാണം സംബന്ധിച്ച്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മണിയൂരിൽ സബ്സ്റ്റേഷൻ നിർമ്മിക്കുന്നതിന് എൽഎ ആർആർ 2013 ആക്ട് പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവ് നൽകിയിട്ടുള്ളതായും, ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അപേക്ഷ കെഎസ്ഇബിഎൽ,(KSEBL) ജില്ലാ കലക്ടർക്ക് നൽകി തുടർനടപടികൾ സ്വീകരിച്ചു വരുന്നതായും വൈദ്യുതി വകുപ്പ് മന്ത്രി അറിയിച്ചു.

സബ്സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടി 4 ഭൂവുടമകളിൽ നിന്നും ഭൂമി ഏറ്റെടുക്കുവാനാണ് കെഎസ്ഇബിഎൽ ഉദ്ദേശിക്കുന്നത്. ഇവയുടെ സർവ്വേ നമ്പറുകൾ 81/35-3, 81/33, 81/34, 81/35, 81/37 ആണ്. ഈ പ്രവൃത്തിയുടെ ഭാഗമായി 110/11 KV, 12.5 MVA കപ്പാസിറ്റി ഉള്ള രണ്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാനും, 5 -11 കെ വി ഫീഡറുകൾ വഴി ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു. ഈ പദ്ധതി നടപ്പിലാക്കിയാൽ മണിയൂർ, മേമുണ്ട, മേലടി, തിരുവള്ളൂർ, വടകര ടൗൺ എന്നീ സ്ഥലങ്ങളിലെ വൈദ്യുതി ക്ഷാമത്തിന്‌ പരിഹാരമാകും എന്ന പ്രതീക്ഷ ഉള്ളതായും മന്ത്രി നിയമസഭയിൽ പറഞ്ഞുവെന്ന്‌ എംഎൽഎ അറിയിച്ചു.

Description: Minister of Power Department has started the process to build a substation at Maniyur