”കോഴിക്കോട്ടെത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം’; കലോത്സവത്തില്‍ അടുത്തവര്‍ഷം മുതല്‍ മാംസാഹാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: അടുത്തവര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവത്തിലെ വെജിറ്റേറിയന്‍ ഭക്ഷണമെനു വിവാദമായ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ല. കഴിക്കുന്നത് കുട്ടികളാണല്ലോ, നോണ്‍ വെജ് കൊടുത്തതിന്റെ പേരില്‍ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രം. അടുത്ത വര്‍ഷം എന്തായാലും നോണ്‍ വെജ് ഉണ്ടാകും’ മന്ത്രി ഉറപ്പുനല്‍കി.
‘ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ട്. കോഴിക്കോട് എത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ അത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു.’ എന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ മെനുവില്‍ മാംസാഹാരം ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും നോണ്‍വെജ് നല്‍കുന്നതില്‍ സര്‍ക്കാറിന് തടസമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
60 വര്‍ഷം ഇല്ലാത്ത ബ്രാഹ്‌മണ മേധാവിത്വം ഇപ്പോ ആണോ കാണുന്നതെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തോട് പ്രതികരിച്ച് മന്ത്രി ചോദിച്ചു. ഒരു വിവാദവും ഇല്ലാത്തപ്പോ എന്തെങ്കിലും ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലോത്സവത്തിലെ ഭക്ഷണത്തെക്കുറിച്ചുള്ള വി.ടി.ബല്‍റാമിന്റെ പ്രസ്താവനക്കെതിരെ യു.ഡി.എഫ് കാലത്ത് വി.ടി.ബല്‍റാം ഉറങ്ങുകയായിരുന്നോ?’ വെന്ന മന്ത്രി ചോദിച്ചു.