കെ.എസ്.എഫ്.ഇ ഇനി പഞ്ചായത്തുകള്‍ തോറും; സംസ്ഥാനത്ത് പുതിയ ആയിരം ബ്രാഞ്ചുകള്‍ തുടങ്ങും -കെ.എന്‍ ബാലഗോപാല്‍, വെള്ളിമാടുകുന്ന് മൂഴിക്കലും കൊയിലാണ്ടി നന്തിയിലും കെ.എസ്.എഫ്.ഇ മൈക്രോ ശാഖകള്‍ ആരംഭിച്ചു


താമരശേരി: പഞ്ചായത്തുകളിലേക്ക് കെ.എസ്.എഫ്.ഇയുടെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും സംസ്ഥാനത്ത് ആയിരം ബ്രാഞ്ചുകള്‍ തുടങ്ങുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ കോഴിക്കോട് റൂറല്‍ റീജ്യണല്‍ ഓഫീസും നവീകരിച്ച താമരശേരി ബ്രാഞ്ച് ഓഫീസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വെള്ളിമാടുകുന്ന് മൂഴിക്കലും കൊയിലാണ്ടി നന്തിയിലും കെ.എസ്.എഫ്.ഇ മൈക്രോ ശാഖകള്‍ ധനമന്ത്രി ഉദ്ഘാടനം ചെയ്തു.

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മാത്രം 900ത്തിന് മുകളില്‍ നിയമനം കെ.എസ്.എഫ്.ഇയില്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ സ്ഥാപനങ്ങളുടെ ചൂഷണത്തില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാന്‍ കെ.എസ്.എഫ്.ഇയുടെ പ്രവര്‍ത്തനം ഗ്രാമീണമേഖലയിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുമെന്നതിന്റെ ഭാഗമായാണ് മലയോരമേഖലയില്‍ റീജ്യണല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.

ചടങ്ങില്‍ എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. താമരശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ ഡി അബ്ദുറഹിമാന്‍, വാര്‍ഡ് മെമ്പര്‍ കെ കെ മഞ്ജിത, വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളായ കെ ബാബു, നവാസ്, ഗിരീഷ് തേവള്ളി, പി പി ഹാഫിസ റഹ്‌മാന്‍, കെഎസ്എഫ്ഇ എജിഎം ആര്‍ രാജു എന്നിവര്‍ സംസാരിച്ചു. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ വരദരാജന്‍ സ്വാഗതവും എം.ഡി വി.പി സുബ്രഹ്‌മണ്യന്‍ നന്ദിയും പറഞ്ഞു.

summary: minister KN Balagopal said that KSFE will start a thousand branches in the state