ചെങ്കൽ ഖനനം; തോടന്നൂർ എടത്തുംകര പുല്ലരിയോട് മല ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ പരിസര വിഷയ സമിതി സന്ദർശിച്ചു
തോടന്നൂർ: ചെങ്കൽ ഖനനം നടത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്ന എടത്തുംകര പുല്ലരിയോട് മല കേരള ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ പരിസര വിഷയ സമിതി സന്ദർശിച്ചു. ജില്ലാ പരിസര വിഷയ സമിതി ചെയർമാൻ അബ്ദുൾ ഹമീദ്, ജില്ലാ സിക്രട്ടറി വി.കെ ചന്ദ്രൻ, ടി.പി. സുകുമാരൻ മാസ്റ്റർ, പ്രേമരാജൻ, കൺവീനർ ടി. സുരേഷ് എന്നിവർ പ്രദേശവാസികളുടെ ആശങ്കകൾ ചോദിച്ചറിഞ്ഞു.
ചെങ്കുത്തായ കുന്നിൽ ഖനനം വ്യാപകമായി നടത്തിയാൽ മലയുടെ താഴെ താമസിക്കുന്നവർക്ക് മണ്ണിടിച്ചിൽ ഭീഷണി ഉണ്ടാകുമെന്നും, വേനൽ കാലത്ത് കിണറുകളിലെ വെള്ളം നല്ല രീതിയിൽ കുറയുമെന്നും കുന്നിൽ നിന്നു വരുന്ന മഴക്കാലത്തെ വെള്ളത്തിൻ്റെ ഒഴുക്ക് തുടങ്ങിയവയും ഖനനം നടക്കുമ്പോഴുണ്ടാകുന്ന പൊടിശല്യവും വലിയ ബുദ്ധിമുട്ടാകുമെന്നും നാട്ടുകാർ സമിതിയെ അറിയിച്ചു.
ശശിധരൻ മണിയൂർ, തോടനൂർ മേഖലാ സിക്രട്ടറി രാജൻ ഇ പി, പ്രസിഡൻറ് ബിനീഷ് കെ, രാജീവൻ മേമുണ്ട, ടി.എം അശോകൻ , പ്രതിരോധ സമിതി ചെയർമാൻ ചന്ദ്രൻ പാറോൽ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.